ഭൂമി വിവാദം സഭയ്ക്ക് എതിരായ ഗൂഢാലോചന: ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ്

കൊച്ചി: സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും പുരോഹിതന്‍മാര്‍ക്കും എതിരേയുള്ള ഭൂമി വിവാദം സഭയോടും പിതാക്കന്‍മാരോടുമുള്ള ചില വ്യക്തികളുടെ ഗൂഢ താല്‍പര്യത്തില്‍ നിന്നും ഉടലെടുത്തതാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ആരോപിച്ചു.
സിറോ മലബാര്‍ സഭയെ ജന മനസ്സുകളില്‍ നിന്നും ഒറ്റപ്പെടുത്തുവാനും സഭാ പിതാക്കന്‍മാരെ പൊതുജനമധ്യേ ഇകഴ്ത്തി കാട്ടുവാനും ആലോചിച്ചുറച്ച് ചില മാധ്യമങ്ങളുമായി കൂട്ടുചേര്‍ന്നുണ്ടാക്കിയ വിവാദമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
സഭാ പിതാക്കന്‍മാരോ പുരോഹിതന്‍മാരോ ഒരു രൂപ പോലും അനധികൃതമായി നേടിയെന്നുള്ള ഒരു പരാതിയും ഇതുവരെ ആര്‍ക്കും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. മറ്റ് ക്രിസ്ത്യന്‍ സഭകളിലും ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട്.
അതിലൊന്നും വിവാദം കാണാത്ത ചില മാധ്യമങ്ങള്‍ മലബാര്‍ സഭയെയും ക്രിസ്തീയ  സഭയെയും ഒറ്റപ്പെടുത്തി ബോധപൂര്‍വമായി വ്യാജ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി അഡ്വ. കെ വി സാബു പറഞ്ഞു.
ഇതിന്റെ പിറകില്‍ വ്യക്തി വൈരാഗ്യവും കച്ചവട താല്‍പര്യവുമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് മുന്‍കൈ എടുത്ത് വിവിധ സഭാ തലവന്മാരെ നേരില്‍കണ്ട് ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. ഇതിനായി ക്രിസ്ത്യന്‍ മൂവ്‌മെന്റ് വിവിധ അംഗങ്ങളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി.
Next Story

RELATED STORIES

Share it