kozhikode local

ഭൂമിക്കടിയില്‍ വലിയ കുഴിയെടുത്തുള്ള നിര്‍മാണം നഗരസഭ തടഞ്ഞു

വടകര: ഭൂമിക്കടിയില്‍ വലിയ കുഴിയെടുത്ത് കെട്ടിടം പണിയാനുള്ള നീക്കം നഗരസഭ എഞ്ചിനീയര്‍ വിഭാഗം തടഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡേ മാര്‍ട്ടിന് തൊട്ടടുത്തായാണ് ബഹുനില കെട്ടിടം പണിയുന്നത്.
പ്രസ്തുത സ്ഥലത്ത് വന്‍ കുഴിയെടുത്താണ് കെട്ടിടം പണി ആരംഭിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിക്കാതെയാണ് വലിയ കുഴിയെടുത്ത് നിര്‍മ്മാണം ആരംഭിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യമായതിനാല്‍ ഇത്തരത്തില്‍ എടുക്കുന്ന കുഴി വലിയ തോതിലുള്ള ദുരന്തത്തിന് കാരണാമാകുമെന്ന നിഗമനത്തിലാണ് നിര്‍മ്മാണ പ്രവൃത്തി തടഞ്ഞത്. നഗരസഭയില്‍ പ്ലാനിന് അപേക്ഷിച്ച ഉടമകള്‍ ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്നും ഉടന്‍ ഹാജരാക്കുമെന്നുമാണ് അറിയിച്ചത്.
എന്നാല്‍ രേഖ ഹാജരാക്കിയില്ലെന്ന് മാത്രമല്ല അപകടകരമായ രീതീയില്‍ കുഴിയെടുത്തുവെന്ന നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തു.  നിര്‍മ്മാണം സ്റ്റോപ്പ് ചെയ്യുകയും, ഉടമകളോട് നഗരസഭയില്‍ ഹാജരായി ജിയോളജി വകുപ്പിന്റെ അനുമതി പത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മ്മാണം തടഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും ജിയോളജി വകുപ്പിന്റെ അനുമതി പത്രം ഹാജരാക്കാന്‍ ഉടമകള്‍ക്കായിട്ടില്ലെന്ന് മാത്രമല്ല നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്ന എഞ്ചിനീയറും നഗരസഭയില്‍ ഹാജരായിട്ടില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ എഞ്ചിനീയറോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും എഞ്ചിനീയര്‍ ഹാജരാവാത്തതോടെ നിലവില്‍ നഗരസഭ നല്‍കിയ അനുമതി റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് നഗരസഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച നോട്ടീസ് നല്‍കും.
Next Story

RELATED STORIES

Share it