ഭീമ കൊറേഗാവ് സാമൂഹിക പ്രവര്‍ത്തകര്‍ വീണ്ടും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ പൂനെയിലെ പ്രത്യേക കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ നേരത്തേ ഇവരെ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീട്ടുതടങ്കലിലേക്കു മാറ്റപ്പെടുകയും ചെയ്തിരുന്നു.
മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം ആഗസ്ത് 28ന് അറസ്റ്റ് ചെയ്യപ്പെട്ട കവി വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ സുപ്രിംകോടതി ഇടപെട്ട് കഴിഞ്ഞ മാസമാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്. വീട്ടുതടങ്കല്‍ കാലാവധി നാലാഴ്ചയായിരുന്നു. ഈ പരിധി ഇന്നലെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും ജാമ്യത്തിനായി അപേക്ഷ നല്‍കിയത്.
ഉച്ചയോടെ കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ വൈകീട്ടോടെ രണ്ടു പേരെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചോദ്യംചെയ്ത് ചരിത്രകാരി റൊമീല ഥാപറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.





Next Story

RELATED STORIES

Share it