ഭീതി നിറഞ്ഞ ഓര്‍മയില്‍ ഹസയ്‌നാര്‍

കാസര്‍കോട്: ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്തതിന്റെ 25ാം ദുരന്തവാര്‍ഷികത്തിലും നടുക്കുന്ന ഓര്‍മകളുമായി അണങ്കൂര്‍ ബെദിര താനിയത്ത് ഹൗസിലെ ഹസയ്‌നാര്‍. ഓട്ടോ ഡ്രൈവറായ ഹസയ്‌നാര്‍ (43) ആണ് പോലിസ് വെടിവയ്പില്‍ വെടിയുണ്ട തറച്ച കാലുമായി ഇപ്പോഴും ദുരന്തത്തിന്റെ  ഓര്‍മയില്‍ ജീവിക്കുന്നത്.
1992 ഡിസംബര്‍ 6ന് രാത്രി എട്ടുമണിക്ക് അണങ്കൂരില്‍ നിന്ന് വിദ്യാനഗര്‍ പടുവടുക്കയിലെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോവുമ്പോള്‍ അണങ്കൂര്‍ മെഹബൂബ് റോഡി ല്‍ പോലിസുകാര്‍ മസ്ജിദിന് നേരെ കല്ലെറിയുകയായിരുന്നു. പോലിസിനെ ആക്രമിച്ചവര്‍ പള്ളിയില്‍ കയറിയെന്നാരോപിച്ചാണ് കല്ലെറിഞ്ഞത്. ഇതോടെ പള്ളിയിലുണ്ടായിരുന്നവര്‍ ആത്മരക്ഷാര്‍ഥം പുറത്തേക്ക് ഓടി. ഓടിരക്ഷപ്പെടുന്നവര്‍ക്കു നേരെ അന്ന് കാസര്‍കോട് സിഐയായിരുന്ന രാംദാസ് പോത്തന്‍ നിറയൊഴിക്കുകയായിരുന്നു. മസ്ജിദിന് സമീപത്തെ റോഡ് ടാര്‍ ചെയ്യാനായി വച്ചിരുന്ന വീപ്പകളില്‍ തട്ടിയ വെടിയുണ്ടയാണ് ഹസയ്‌നാറിന്റെ വലതു കാലിലേക്ക് ഓടുന്നതിനിടയില്‍ തുളച്ചുകയറിയത്. ചോരയില്‍ കുളിച്ച് ഹസയ്‌നാര്‍ നിലവിളിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. പോലിസാവട്ടെ തിരിഞ്ഞുനോക്കിയില്ല.
പിറ്റേദിവസം രാവിലെ നായന്‍മാര്‍മൂലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും പോലിസെത്തി കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോലിസിനെ ആക്രമിച്ചു എന്നാരോപിച്ച് ഹസയ്‌നാറടക്കം എട്ടുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഹസയ്‌നാറിന് 3,000 രൂപ നഷ്ടപരിഹാരം മാത്രമാണു നല്‍കിയത്. ഓരോ ഡിസംബര്‍ 6 വരുമ്പോഴും ഹസയ്‌നാര്‍ ഭീതിയോടെയാണ് സംഭവം ഓര്‍ക്കുന്നത്.
Next Story

RELATED STORIES

Share it