Pathanamthitta local

ഭീതിവിതച്ച് കാട്ടാനകള്‍; തുരത്താന്‍ പുകയ്ക്കല്‍ തന്ത്രവുമായി നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍: ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ കൂട്ടമായി എത്തി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ആനയെ വനത്തിലേക്ക് ഓടിക്കാന്‍ പുകയ്ക്കല്‍ തന്ത്രവുമായി നാട്ടുകാര്‍. വള്ളക്കടവ്, മൂലക്കയം, പ്രദേശത്ത് വനപാലകരുടെ സഹായത്തോടെ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റി (ഇഡിസി) യുടെ നേതൃത്വത്തിലാണ് എരിവുള്ള വത്തല്‍ മുളക് കത്തിച്ച് ആനയിറങ്ങുന്ന പ്രദേശത്ത് കെട്ടി തൂക്കി പുകയ്ക്കുകയാണ്.
ചണല്‍ ചാക്കിനുള്ളില്‍ തേങ്ങയുടെ ചകിരി തൊണ്ട് ഏറ്റവും താഴ്ഭാഗത്ത് ഇട്ട ശേഷം ഇതിനു മുകളിലായി എരിവ് കൂടിയ വത്തല്‍ നിരത്തും  ഇതിനു മുകളിലായി വീണ്ടും ചകിരി തൊണ്ട് നിറച്ച് ചണല്‍ ചാക്ക് കെട്ടിയ ശേഷം കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലത്ത് തിരി കത്തിച്ച് പുകയ്ക്കുകയാണ് പ്രദേശവാസികള്‍.
എരിവുള്ള വത്തല്‍ കത്തിച്ചാല്‍ അസഹനീയമായ എരിവോടു കൂടിയ കുത്തല്‍ മൂലം ഈ പ്രദേശങ്ങളില്‍ ആന ഇറങ്ങില്ല എന്നാണ് ഇവര്‍ പറയുന്നത്.  ആന ഇറങ്ങുന്ന പ്രദേശങ്ങളില്‍ കിടങ്ങും, വൈദ്യതി കമ്പി വേലികളും സ്ഥാപിച്ച്  ജനങ്ങളുടെ ഭീതിയും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ഏതാനും ദിവസങ്ങളായി വള്ളക്കടവ്, തങ്കമല, മാട്ടുപ്പെട്ടി, എച്ച്പിസി, മൂലക്കയം, പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കാട്ടാനയിറങ്ങി വ്യാപകമായ കൃഷി നാശമാണ് ഉണ്ടാക്കുന്നത്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പെരിയാര്‍ നദിയിലൂടെയുളള വഴിയാണ് കാട്ടാന എത്തുന്നത്. സന്ധ്യയോടെ എത്തുന്ന ആന പുലര്‍ച്ചയോടു കൂടിയാണ് മടങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനവാസ കേന്ദ്രമായ തങ്കമലയിലും, വഞ്ചി വയല്‍ ആദിവാസിക്കുടിക്കും സമീപത്തായി വനം വകുപ്പ് പതിനഞ്ച് ലക്ഷത്തോളം രൂപ മുടക്കി  വൈദ്യുതി  ഫെന്‍സിങ് സ്ഥാപിച്ചെങ്കിലും ഇത് ഫലപ്രദമായില്ല.   നാട്ടുകാര്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയതോടെയാണ് ആനക്കൂട്ടത്തെ ഓടിക്കുന്നത്. രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it