Flash News

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: ദലിത് യുവജന സംഘടനയായ ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ അറസ്റ്റില്‍. കഴിഞ്ഞമാസം ഒമ്പതിന് സഹാരന്‍പൂരില്‍ പൊട്ടിപ്പുറപ്പെട്ട ദലിതരും മേല്‍ജാതിക്കാരായ താക്കൂര്‍ വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ കേസില്‍ പോലിസ് ചന്ദ്രശേഖറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസിയില്‍ വച്ച് ഉത്തര്‍പ്രദേശ് പോലിസിലെ പ്രത്യേക സംഘമാണ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തത്. സഹാറന്‍പൂര്‍ എസ്എസ്പി ബാബ്ലൂകുമാര്‍, ഡിഐജി കെ എസ് ഇമ്മാനുവേല്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ്‌ചെയ്തത്. ചന്ദ്രശേഖറെയും കൂട്ടാളികളെയും കുറിച്ചു വിവരം കൈമാറുന്നവര്‍ക്കു 1,2000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് പ്രഖ്യാപിച്ചിരുന്നു. മെയ് ഒമ്പതിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആകെ 25 കേസുകളാണ് യുപി പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഈ സംഭവത്തിലെ മുഖ്യ പ്രതിയാണ് ചന്ദ്രശേഖറെന്നാണ് പോലിസ് പറയുന്നത്. ഭീം ആര്‍മി ദയൂബന്ദ് വിധാന്‍സഭ അധ്യക്ഷന്‍ ദീപക്കുമാര്‍, സഹാറന്‍പൂര്‍ ജില്ലാ അധ്യക്ഷന്‍ പ്രവീണ്‍ ഗൗതം എന്നിവരെ ബുധനാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു.  ചന്ദ്രശേഖറിന്റെ അറസ്‌റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 40 കവിഞ്ഞു.  ഭീം ആര്‍മി നേതാവ് രവികുമാര്‍  ഇന്നു രാവിലെയാണ് ചന്ദ്രശേഖറിനെ അറസ്റ്റ്‌ചെയ്തതെന്ന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ചന്ദ്രശേഖറിന് ഏതെങ്കിലും വിധത്തിലുള്ള അപകടം സംഭവിച്ചാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.അംബേദ്കര്‍ ജയന്തി ദിനത്തില്‍ സവര്‍ണ സമുദായക്കാരായ താക്കൂര്‍ വിഭാഗക്കാര്‍ ദലിതരെ ആക്രമിച്ചതിനെ തുടര്‍ന്നാണു സഹാറന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it