Flash News

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴിലവസരം



കൊച്ചി: ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴിലവസരം നല്‍കിയത് രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടുന്നു. രാജ്യത്ത് ആദ്യമായാണ് ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ജോലി നല്‍കുന്നത്. രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ഇതേെറ്റടുത്തു. ബ്രിട്ടിഷ് പത്രമായ ദി ഗാര്‍ഡിയനിലാണ് കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാരുടെ നിയമനം വാര്‍ത്തയായത്. ഗാര്‍ഡിയന്‍ പത്രത്തിന്റെ ഗ്ലോബല്‍ ഡെവലപ്‌മെന്റ് “വനിതാ അവകാശങ്ങളും ലിംഗസമത്വവും’ എന്ന വിഭാഗത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.’”ഭിന്നലിംഗക്കാരെ നിയമിച്ച് ഇന്ത്യന്‍ ട്രെയിന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു’’എന്നാണ് ഗാര്‍ഡിയന്‍ വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. സര്‍ക്കാരിന്റെ ഭിന്നലിംഗക്കാരോടുള്ള നയത്തെയും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭിന്നലിംഗക്കാരെ പൊതുവേ ഭിക്ഷക്കാരായിട്ടാണ് കാണാറുള്ളത് എന്നു പറഞ്ഞുതുടങ്ങുന്ന വാര്‍ത്തയില്‍ ജനങ്ങള്‍ക്ക് ഇവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും പറയുന്നു. കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച വിന്‍സിയുടെ വാക്കുകളും ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് വിന്‍സി പറഞ്ഞു. മറ്റുള്ള കമ്പനികളിലൊന്നും ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയിലെ ജോലി പുതിയ തുടക്കമായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കൊച്ചി മെട്രോയില്‍ ടിക്കറ്റ് വിഭാഗത്തിലാണ് വിന്‍സിക്ക് ജോലി ലഭിച്ചിരിക്കുന്നത്. മൊത്തം 23 ഭിന്നലിംഗക്കാരാണ് കൊച്ചി മെട്രോയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ടിക്കറ്റ്, ഹൗസ്‌കീപ്പിങ് വിഭാഗത്തിലാണ് ഇവരുടെ നിയമനം.
Next Story

RELATED STORIES

Share it