Flash News

ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണം : യുവജന കമ്മീഷന്‍



തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അടക്കമുള്ള വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള വിവിധ മേഖലകളില്‍ ഇപ്പോഴും പലതരത്തില്‍ വിവേചനം തുടരുകയാണെന്നു യുവജന കമ്മീഷന്‍. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലകളിലും തൊഴില്‍മേഖലകളിലും ഭിന്ന ലിംഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അപേക്ഷാ ഫോമുകളടക്കം ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തെയും ഉള്‍പ്പെടുത്തേണ്ടത് ഇതിന് അനിവാര്യമാണെന്നു യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും മുഴുവന്‍ പഠന കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പുവരുത്താനായി അപേക്ഷാഫോമുകളിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലും അതുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സര്‍വകലാശാല മേധാവികള്‍ക്കുമടക്കം ഉത്തരവ് അയച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. കൂടാതെ സ്വകാര്യ മേഖലയിലടക്കമുള്ള തൊഴില്‍ സംബന്ധിച്ച അപേക്ഷ ക്ഷണിക്കുമ്പോഴും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അപേക്ഷകളില്‍ അത്തരം കോളം നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് സംസ്ഥാന തൊഴില്‍ വകുപ്പിനും നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it