Kottayam Local

ഭിക്ഷാടനമാഫിയയെ തടയാന്‍ ജനകീയ സമിതികള്‍ക്ക് രൂപം നല്‍കണം: പി സി ജോര്‍ജ്

കോട്ടയം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഭിക്ഷാടനമാഫിയയെ തടയുന്നതിന് സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുള്ള ജനകീയസമിതികള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. കേരളത്തിലെ കൊച്ചുകുട്ടികളുടെ മാതാപിതാക്കള്‍ ഭയപ്പെട്ടുകഴിയുകയാണ്. മൂന്നിനും ആറിനും ഇടയിലുള്ള കുട്ടികളെയാണ് കാണാതാവുന്നത്. രക്ഷിതാക്കള്‍ക്കൊപ്പം പോവുന്ന കുട്ടികളെ വരെ തട്ടിയെടുക്കാന്‍ ശ്രമം നടക്കുകയാണ്. പോലിസിന് മാത്രമായി ഇത് തടയാനാവില്ലെന്നും വ്യാപകമായ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപരിചിതരായ ആളുകളുടെ സാന്നിധ്യം സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ അന്യസംസ്ഥാനത്തുനിന്ന് തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം പെരുകിവരുന്നു. ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറിയാണ് ഭിക്ഷാടനമാഫിയ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അപരിചിതരെ കര്‍ശനനിരീക്ഷണത്തിനും ചോദ്യംചെയ്യലിനും വിധേയമാക്കിയില്ലെങ്കില്‍ കുട്ടികള്‍ സുരക്ഷിതരല്ലാത്ത ഇടമായി കേരളം മാറും. ആരാധനാലയങ്ങളുടെ പരിസരത്തും മത- ആധ്യാത്മിക സമ്മേളനങ്ങളിലും ഭിഷാടകരെ തടയാന്‍ സംഘാടകര്‍ക്കും ചുമതലക്കാര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കണം. ഭിക്ഷാടനത്തെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ സ്‌കൂളിലടക്കം വ്യാപകബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. ഭിക്ഷാടകരെ തടയാത്ത ഉത്തരവാദപ്പെട്ടവരെ ക്രിമിനല്‍ നടപടി പ്രോല്‍സാഹനത്തിന് പ്രോസിക്യൂട്ട് ചെയ്യത്തക്കവിധം നിയമനിര്‍മാണം നടത്തണം. ഭിക്ഷാടനമാഫിയക്കാര്‍ തന്റെ മുന്നില്‍ വന്നാല്‍ കുത്തിക്കൊന്നശേഷം ജയിലില്‍ പോവുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it