Flash News

ഭാര്യയെ തീക്കൊളുത്തി കൊന്ന സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ തീക്കൊളുത്തി കൊന്ന സംഭവം: ഭര്‍ത്താവ് പിടിയില്‍
X
പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ ഭാര്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ മുംബൈയില്‍ നിന്നു പുതുക്കാട് പോലിസ് പിടികൂടി. കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് മുംബൈയില്‍ നിന്നു പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് കുണ്ടുകടവ് റോഡില്‍വച്ചാണ് ഇയാള്‍ ഭാര്യയായ ജീതു(29)വിനെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജീതു ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജീതുവിന്റെ പിതാവും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു അക്രമം.



കുടുംബശ്രീയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ജീതു പിതാവിന്റെ കൂടെ കുണ്ടുകടവില്‍ എത്തിയത്. കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍ നിന്നു പുറത്തേക്ക് ഇറങ്ങുമ്പോള്‍  ബിരാജു ജീതുവിന്റെ തലയില്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതോടെ അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടര്‍ന്ന് തീ ക്കൊളുത്തി. തീ ആളിപ്പടര്‍ന്ന് റോഡില്‍ വീണ ജീതുവിനെ അച്ഛനും ഇവര്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യം നടത്തിയതിന് ശേഷം പ്രതി മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പാലക്കാട് എത്തിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണു സൂചന.  ഇയാള്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലിസ് കണ്ടെത്തിയിരുന്നു.
പ്രതി മുമ്പ് മുംബൈയില്‍ ജോലിചെയ്തിരുന്ന സ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പിന്‍തുടര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പുതുക്കാട് എസ്‌ഐ ആര്‍ സുജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. റൂറല്‍ പോലിസ് മേധാവിയോടും റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തില്‍ നാട്ടുകാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ജില്ലാ റൂറല്‍ എസ്പി യതീഷ്ചന്ദ്ര പറഞ്ഞു.
Next Story

RELATED STORIES

Share it