palakkad local

ഭാരവാഹനങ്ങളുടെ സഞ്ചാരം: അടിത്തറ ഇളകിയ പത്തനാപുരം പാലം അപകടാവസ്ഥയില്‍



ആലത്തൂര്‍: ഗായത്രി പുഴയ്ക്ക് കുറുകെയുള്ള പത്തനാപുരം പാലത്തിന്റെ അടിത്തറ ഇളകി പാലം അപകടാവസ്ഥയില്‍. കാവശ്ശേരി തരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത കടന്നു പോവുന്ന പാലമാണിത്. ദശാബ്ദങ്ങള്‍  പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് അടിത്തറയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. സിമന്റും മെറ്റലും ഇളകി കമ്പി ദ്രവിച്ച നിലയിലാണ്. വേനലില്‍ വെള്ളം വറ്റിയതോടെയാണ് ഇത് വ്യക്തമായി കാണാനായത്. അനിയന്ത്രിതമായ മണലെടുപ്പാണ് പാലത്തിന് ബലക്ഷയം വരാന്‍ കാരണം. അടിത്തറയുടെ ഭാഗത്ത് മണല്‍ പൂര്‍ണമായും എടുത്തിട്ടുണ്ട്. പത്തനാപുരം, തോണിപ്പാടം, ആറാപ്പുഴ, തോടുകാട്, മാട്ടുമല പ്രദേശത്തെ അനധികൃത ചെങ്കല്‍ച്ചൂള, കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ അനിയന്ത്രിതമായി ഓടിയത് പാലത്തിന് സുരക്ഷാ ഭീഷണിയായി. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇതിന് അറുതി വന്നു. രാത്രിയും പുലര്‍ച്ചെയും ഇത്തരം വാഹനങ്ങള്‍ പാലത്തിലൂടെ പായുന്നുണ്ട്. പുതിയ പാലം പണിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങാനായില്ല. തരൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷിക മേഖലയെ ആലത്തൂരും കാവശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പാതകടന്നു പോവുന്നത് ഈ പാലം വഴിയാണ്. കരിങ്കല്ലും എം സാന്‍ഡും കയറ്റിയ ടോറസ് ലോറികള്‍ ദിവസേന നൂറുകണക്കിന് കടന്നു പോകുന്നത് പാലത്തെ കൂടുതല്‍ അപകടാവസ്ഥയിലാക്കി. അത്തിപ്പൊറ്റ പുതിയ പാലം പണി ആരംഭിച്ചതോടെ തോണിപ്പാടത്തേക്കുള്ള ബസ്സുകള്‍ മുഴുവന്‍ ഇതുവഴി ആയതും പാലത്തിന്റെ അപകടാവസ്ഥ കൂടാന്‍ കാരണമായി. അമിത ഭാരം കയറ്റിയ ടോറസ് ലോറികളുടെ യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it