ഭാരത്മാതാ കീ ജയ് വിളിക്കാത്തവര്‍ ഇന്ത്യക്ക് പുറത്ത്: ഫഡ്‌നാവിസ്

നാസിക്ക്: ഭാരത്മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് രാജ്യത്തു ജീവിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാസിക്കില്‍ ശനിയാഴ്ച രാത്രി പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചവരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്തുണച്ചുവെന്ന് ഫഡ്‌നാവിസ് ആരോപിച്ചു.
ബിജെപിയെ എതിര്‍ക്കുന്നതുപോലെ ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിനെതിരേ ശബ്ദമുയര്‍ത്തിയാല്‍ ജനങ്ങള്‍ സഹിക്കില്ല. ഹിന്ദു സംസ്‌കാരത്തില്‍ ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം കല്‍പിച്ചിട്ടില്ല. അതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു സ്ത്രീകളെ തടയുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ നിന്നു വേറിട്ട് വിദര്‍ഭ, മറാത്തവാഡ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. മറാത്തവാഡയിലെ ജനങ്ങള്‍ക്ക് നാസിക് ഡാമിലെ വെള്ളം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരേ സര്‍ക്കാര്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഭാരത്മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനവകാശമില്ല എന്ന ഫഡ്‌നാവിസിന്റെ പ്രസ്താവനയെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വിമര്‍ശിച്ചു. ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യസര്‍ക്കാരിലെ അംഗങ്ങള്‍ അധികാരമേറ്റ ഉടന്‍ ഭാരത്മാതാ കീ ജയ് വിളിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.
Next Story

RELATED STORIES

Share it