malappuram local

ഭാരതപ്പുഴയിലെ അപകട മരണങ്ങള്‍ : അടിയന്തര നടപടി കൈക്കൊള്ളാന്‍ ആര്‍ഡിഒ ഉത്തരവിട്ടു



എടപ്പാള്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ ഒഴുക്കില്‍പ്പെട്ട് മരിക്കാനിടയാവുന്ന അപകടങ്ങള്‍ തടയുന്നതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ തിരൂര്‍ ആര്‍ഡിഒയുടെ ഉത്തരവ്. ഒരാഴ്ച മുമ്പ് തവനൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചേരി കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ ന്‍ നടപടി ആരംഭിച്ചിട്ടുള്ളത്. പുഴ അതിര്‍ത്തി പങ്കിടുന്ന കടവുകളില്‍ സുരക്ഷാഭിത്തി നിര്‍മിക്കുക, പുഴയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, കുളിക്കടവുകളില്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നിവ നടപ്പാക്കാനാണ് ആര്‍ഡിഒ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പൊന്നാനി, കുറ്റിപ്പുറം, തിരൂര്‍ പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ക്കും നോട്ടിസ് നല്‍കിയിട്ടുള്ളത്. അനധികൃതമായി പുഴയിലിറക്കുന്ന വഞ്ചികള്‍ പിടിച്ചെടുക്കുക, പുഴയോരത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ നടപടികള്‍ തടയുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആര്‍ഡിഒ പുറപ്പെടുവിച്ചിട്ടുണ്ട്. തവനൂര്‍, കാലടി, പുറത്തൂര്‍, തൃപ്രംകോട്, തിരുനാവായ, കുറ്റിപ്പുറം പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്കും പൊന്നാനി നഗരസഭാ സെക്രട്ടറിക്കും തിരൂര്‍, പൊന്നാനി, കുറ്റിപ്പുറം പോലിസ് എസ്‌ഐമാര്‍ക്കുമാണ് ആര്‍ഡിഒ ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഈ മാസം 25നകം ആര്‍ഡിഒ കോടതി മുമ്പാകെ ബോധിപ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it