Breaking News

ഭവനരഹിതരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

ഭവനരഹിതരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി
X
തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയായ 'ലൈഫ് മിഷന്' വേണ്ടി പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോരായ്മകള്‍ പരിഹരിച്ച് മാര്‍ച്ച് 31നകം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ലൈഫ് മിഷന്‍ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാണെന്നും ഇതേക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പി കെ ബഷീര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.



പദ്ധതിയെപ്പറ്റി നിലവില്‍ ആശങ്കകളില്ലെന്നും അതിനാല്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വികേന്ദ്രീകൃത ഭരണസംവിധാനത്തെ അട്ടിമറിച്ച് സര്‍ക്കാര്‍ പദ്ധതിനടത്തിപ്പിനെ ഇല്ലാതാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.  2001-02 മുതലുള്ള സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ പകുതിയില്‍ നിലച്ച 66,611 വീടുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്നും ഫണ്ടിന്റെ അപര്യാപ്തതയും ഭൂമിയുടെ ലഭ്യതക്കുറവുമാണ് ഇതിനു കാരണമായതെന്നും മുഖ്യമന്ത്രി മറുപടിപ്രസംഗത്തില്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ഭവനരഹിതരുടെ എണ്ണം 5.13 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ മുന്‍ഗണനാ പട്ടികയിലുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17, 18 തിയ്യതികളില്‍ കുടുംബശ്രീ സര്‍വേ നടത്തി. 797 തദ്ദേശസ്ഥാപനങ്ങളും അന്തിമ ഗുണഭോക്തൃ പട്ടികകള്‍ അംഗീകരിച്ചു. സര്‍വേയില്‍ 5,13,436 ഗുണഭോക്താക്കളെ കണ്ടെത്തി. ബാക്കിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ അഞ്ചു ദിവസത്തിനകം അന്തിമ ഗുണഭോക്തൃ പട്ടികകള്‍ അംഗീകരിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടിക രൂപീകരിച്ചതില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പഞ്ചായത്തിന് ഇടപെടാം. പാതിവഴിയിലായ ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ലൈഫ് മിഷന്റെ ഈ വര്‍ഷത്തെ ലക്ഷ്യം. ആകെ 66,750 വീടുകളാണ് ഇപ്രകാരം പൂര്‍ത്തീകരിക്കേണ്ടത്. ഇപ്പോള്‍ പട്ടികയിലുള്ള, 1.76 ലക്ഷം ഭൂമിയുള്ള ഭവനരഹിതര്‍ക്കും 2018-19ല്‍ വീട് നല്‍കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ലൈഫില്ലാതെ പോയ ലൈഫ് പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും രണ്ടു വര്‍ഷമായിട്ടും ഒരാള്‍ക്കു പോലും വീടു വച്ചുനല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും നോട്ടീസ് അവതരിപ്പിച്ച പി കെ ബഷീര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it