ഭരണപരിഷ്‌കാര കമ്മീഷന്‍ സിറ്റിങില്‍ പരാതി പ്രവാഹം

കൊച്ചി: വയോജനങ്ങള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായി ഇന്നലെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കൊച്ചിയില്‍ നടത്തിയ സിറ്റിങ്ങില്‍  സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധിപേര്‍ പരാതികളുമായി എത്തി.  കന്യാസ്ത്രി സമൂഹത്തിലെ മുതിര്‍ന്നവര്‍ക്കായി ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായിട്ടാണ് കോതമംഗലത്തെ കോണ്‍വെന്റില്‍ നിന്നും സിസ്റ്റര്‍ സാറ ഭരണപരിഷ്‌കാര കമ്മീഷനെ സമീപിച്ചത്. വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായി സിസ്റ്റര്‍ സാറ പറഞ്ഞു. ഇതരസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്തിയ കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേലകള്‍ സംസ്ഥാനത്ത് സജീവമാണെന്ന പരാതിയുമായിട്ടാണ് സന്നദ്ധ സംഘടനയായ സേവയുടെ പ്രതിനിധി സോണിയ ജോര്‍ജ് കമ്മീഷന് മുന്നിലെത്തിയത്.  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രയോജനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു 17 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന ഒറീസ സ്വദേശി രാജേന്ദ്ര നായികിനുള്ളത്. മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് ഹിയറിങില്‍ പങ്കെടുത്ത ജസ്റ്റിസ് കെ സുകുമാരന്‍ അഭിപ്രായപ്പെട്ടു. അതേസമയം,  സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കുന്നതും നീതി നിഷേധത്തിന് ഉദാഹരണമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it