ഭരണഘടന മാറ്റുമെന്ന് കേന്ദ്ര മന്ത്രി

ബംഗളൂരു: മതേതരത്വം ഒഴിവാക്കി ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി നിരവധി പേര്‍ രംത്തെത്തി. ഭരണഘടനയ്ക്കു യാതൊരു വിലയും കല്‍പ്പിക്കാതെ കേന്ദ്രമന്ത്രി വിഷംചീറ്റുകയാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന ജാതിവാദികള്‍ക്കുവേണ്ടി മാറ്റാനാവില്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
ഭരണഘടനയെ ബഹുമാനിക്കാത്ത മനുവാദ നിലപാടാണു കേന്ദ്രമന്ത്രിയുടേത്. സംസ്‌കാരശൂന്യമായ നിലപാടാണു ഹെഗ്‌ഡെക്ക്. പൊതുവേദിയില്‍ പറയാവുന്ന ഭാഷ ഹെഗ്‌ഡെക്ക് അറിയില്ല. രാജ്യത്തെ സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് അവബോധമില്ല. മതേതര വിരുദ്ധമായ വാര്‍ത്തയാണ് അയാള്‍ പറയുന്നത്. മതേതര രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കുന്നത് അസാധ്യമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ദലിത് വിരുദ്ധനും സാമൂഹികവിരുദ്ധനുമായ ഹെഗ്‌ഡെയെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എംഎല്‍എ രാജു അല്‍ഗുര്‍ ആവശ്യപ്പെട്ടു. എംപി സ്ഥാനത്തു തുടരാന്‍ പോലും ഹെഗ്‌ഡെക്ക് യോഗ്യതയില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഹെഗ്‌ഡെയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു കല്‍ബുര്‍ഗി ജില്ലാ പരിഷത് മുന്‍ അംഗം ഗുരുശാന്ത് പട്ടേധറിന്റെ പ്രതികരണം. ഹെഗ്‌ഡെയുടെ പ്രസ്താവന ദലിത്, മുസ്‌ലിം, പിന്നാക്കക്കാര്‍, മതനിരപേക്ഷവാദികള്‍ തുടങ്ങിയവരെ വേദനിപ്പിച്ചതായി മുതിര്‍ന്ന ദലിത് നേതാവ് കൂടിയായ പട്ടേധര്‍ പറഞ്ഞു. മന്ത്രി ഭരണഘടനയെ അവഹേളിച്ചുവെന്നും പട്ടേധര്‍ പറഞ്ഞു.  എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനകളും കേന്ദ്രമന്ത്രിക്കെതിരേ പ്രതിഷേധമറിയിച്ചു.
ഹെഗ്‌ഡെയുടെ മതേതര വിരുദ്ധ പരാമര്‍ശത്തിനെതിരേ നടന്‍ പ്രകാശ് രാജും രംഗത്തെത്തി. വ്യക്തികളുടെ പൈതൃകത്തെപ്പറ്റി മോശം പരാമര്‍ശം നടത്തുംവിധം തരംതാഴാന്‍, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ക്കെങ്ങനെ കഴിയുന്നുവെന്നു പ്രകാശ് രാജ് ചോദിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട തുറന്ന കത്തിലൂടെയാണു പ്രകാശ് രാജിന്റെ പ്രതികരണം.
മതനിരപേക്ഷരായ മനുഷ്യരുടെ മാതൃത്വത്തെയും പിതൃത്വത്തെയും രക്തബന്ധത്തെയും കുറിച്ച് നിങ്ങള്‍ നിലവാരം കുറഞ്ഞ പരാമര്‍ശമാണ് നടത്തിയത്. രക്തം ആരുടെയും മതമോ ജാതിയോ തീരുമാനിക്കുന്നില്ല. മതേതരത്വം എന്നു പറഞ്ഞാല്‍ നാനാ മതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. മതേതരത്വം എന്നു പറഞ്ഞാല്‍ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല. ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയമെന്നും പ്രകാശ് രാജ് ചോദിക്കുന്നു.
കൊപ്പല്‍ ജില്ലയിലെ കുകാനൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. മതേതരം എന്ന വാക്കുള്‍പ്പെടുന്ന ഭരണഘടന രാജ്യത്തെ ഭരണകക്ഷിയായ ബിജെപി ഉടന്‍ തിരുത്തുമെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന.
മതേതരവാദികള്‍ സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധ്യമില്ലാത്തവരാണെന്നും മന്ത്രി പറയുന്നു. മതേതരവാദികള്‍ എന്നു പറയുന്നവര്‍ അവര്‍ ഏതു മതസ്ഥരാണോ, അത് അഭിമാനത്തോടെ പറയണം. പൈതൃകത്തെക്കുറിച്ച് ബോധമില്ലാതെയാണ് അവര്‍ മതേതരരെന്നും ബുദ്ധിജീവികെളന്നും പറയുന്നത്. ഭരണഘടന മതേതരമായതിനാല്‍ അത് അംഗീകരിക്കണമെന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ ഭരണഘടന പല തവണ മാറ്റിയിട്ടുണ്ടെന്നും അതു ഭാവിയില്‍ മാറ്റുമെന്നും അതിനാണു തങ്ങള്‍ ഇവിടെയുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാംഗമാണു ഹെഗ്‌ഡെ. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആഗസ്തിലാണു ഹെഗ്‌ഡെയെ സഹമന്ത്രിയായി നിയമിച്ചത്. വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ ഹെഗ്‌ഡെക്കെതിരേ ബെലഗാവിയില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപദ്രവിച്ചതിനു കേസെടുത്തിരുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശം വലിയ വിവാദമുണ്ടാക്കിയിരുന്നു. മുസ്‌ലിംകള്‍ ഉള്ള കാലത്തോളം ലോകത്തു ഭീകരവാദവും ഭീകരപ്രവര്‍ത്തനവുമുണ്ടാകുമെന്നായിരുന്നു പരാമര്‍ശം. മന്ത്രിയായി സ്ഥാനമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഡോക്ടറെ ഹെഗ്‌ഡെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 49കാരനായ ഹെഗ്‌ഡെ, ഡോക്ടറെ കഴുത്തിനു പിടിച്ചു ചുവരിനോട് ചേര്‍ത്തു മര്‍ദിക്കുന്നതായാണു ദൃശ്യങ്ങളിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ മാതാവിനു ഡോക്ടര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം.
Next Story

RELATED STORIES

Share it