Flash News

ഭയപ്പെടുത്തി 'സാത്താന്‍ സ്ലേവ്‌സ്'; പെണ്‍കരുത്തില്‍ 'വില്ലേജ് റോക്കേഴ്‌സ് '

തിരുവനന്തപുരം: മികവേറിയ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മറ്റൊരു ദിനം കൂടി കടന്നുപോയി. റിട്ടേണി, മലില, ഡാര്‍ക്ക് വിന്റ് എന്നിവയടക്കം നല്ലതെന്ന് അഭിപ്രായമുയര്‍ന്ന നിരവധി ചിത്രങ്ങള്‍ ഇന്നലെ പ്രേക്ഷകരെ പിടിച്ചിരുത്തി. ഹൈലൈറ്റ് ജോകോ അന്‍വര്‍ സംവിധാനം ചെയ്ത ഇന്തോനീസ്യന്‍ ചിത്രം 'സാത്താന്‍ സ്ലേവ്‌സ്' എടുത്തു പറയേണ്ട കാഴ്ചകളിലൊന്നായി. 10.30നു പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ പലരും മണിക്കൂറുകള്‍ക്കു മുമ്പെ ക്യൂവില്‍ ഇടംപിടിച്ചു. ഇന്തോനീസ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ടോളം അംഗീകാരങ്ങള്‍ നേടിയ ചിത്രം കൂടിയാണ് 'സാത്താന്‍ സ്ലേവ്‌സ്.' ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വില്ലേജ് റോക്കേഴ്‌സ്' പെണ്‍കരുത്തിനു പുതിയ മാനം നല്‍കി. കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം എന്നിങ്ങനെ എല്ലാം ഒറ്റയ്ക്കു നിര്‍വഹിക്കുകയാണു റിമ ദാസ് എന്ന സംവിധായിക. മികച്ച നിലവാരം പുലര്‍ത്തിയ ഈ അസമീസ് ചിത്രത്തെ ഒരു സ്ത്രീയുടെ ഒറ്റയാള്‍ സിനിമ എന്നു വിശേഷിപ്പിക്കാനാവും. യുദ്ധപശ്ചാത്തലവും അധിനിവേശവും നിറഞ്ഞ അന്താരാഷ്ട്ര സിനിമകള്‍ ഇന്നലെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 'റിട്ടേണി', '14 ജൂലൈ' എന്നിവ അനാവൃതമാക്കിയതു യുദ്ധക്കെടുതിയുടെ കഥയാണ്. ഹാസിം അയ്ദ്മിര്‍ സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമാണു കുര്‍ദ്ദ് വിപ്ലവത്തിന്റെ കഥ പറഞ്ഞ '14 ജൂലൈ'. കസാകിസ്താനില്‍ നിന്നുള്ള 'റിട്ടേണി'യിലൂടെ സംവിധായകന്‍ സാബിദ് കുര്‍മന്‍ബെക്കോവ് പറഞ്ഞത് അഫ്ഗാനിസ്താനില്‍ അഭയംപ്രാപിച്ച ശേഷം ജന്മനാട്ടിലെത്തുന്ന കുടുംബത്തിന്റെ കഥയാണ്. അതേസമയം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ ചിത്രം 'ന്യൂഡി'ന്റെ പ്രദര്‍ശനം ഇന്നലെ ഒഴിവാക്കി. ഇന്നും മേളയില്‍ നിരവധി മികച്ച ചിത്രങ്ങള്‍ കാത്തിരിക്കുന്നു. മല്‍സര വിഭാഗത്തിലുള്ള മലയാളചിത്രം 'രണ്ടു പേര്‍' ഇന്ന് ആദ്യമായി പ്രദര്‍ശിപ്പിക്കും. സിനിമാ സംവിധായകനാവാ ന്‍ ആഗ്രഹിച്ച നായകന്‍ സ്വന്തം ജീവിത പ്രതിസന്ധികള്‍ നിറഞ്ഞ രാത്രി കാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുന്നു. ആ രാത്രിയില്‍ നായകന്‍ നേരിടേണ്ടിവരുന്ന നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണു പ്രേംശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഉള്ളടക്കം. ഇതോടൊപ്പം റെയ്ഹാന സംവിധാനം ചെയ്ത 'ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്' എന്ന മല്‍സര ചിത്രവും ഇന്നുണ്ടാവും. ഇതോടൊപ്പം ആദ്യ പ്രദര്‍ശനത്തില്‍ പ്രേക്ഷക ശ്രദ്ധനേടിയ 'ദ യങ് കാള്‍ മാര്‍ക്‌സ്' ഇന്നു വീണ്ടും കാണാം. കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തിലെ സുപ്രധാന കാലം തിരശ്ശീലയില്‍ പുനസൃഷ്ടിക്കുകയാണ് ചിത്രത്തിലൂടെ. ഫ്രഞ്ച് ചിത്രം 'ഡിജാമും', 'സ്റ്റോറീസ് ദാറ്റ് അവര്‍ സിനിമാ ഡിഡ്' (നോട്ട്) ടെല്ലും മലയാളചിത്രം 'നായിന്റെ ഹൃദയ'വും ഇന്നു പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it