ബ്ലേഡ് സംഘം കേരളത്തില്‍ വിതരണം ചെയ്തത് 500 കോടിയോളം രൂപ

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ ബ്ലേഡ് സംഘം കേരളത്തില്‍ കൊള്ളപ്പലിശയ്ക്ക് വിതരണം ചെയ്തത് 500 കോടിയോളം രൂപയെന്ന് പോലിസ്.
വന്‍കിട ആശുപത്രികള്‍, സിനിമാമേഖല, വസ്ത്രവ്യാപാരമേഖല, കാര്‍ ഷോറൂമുക ള്‍, വന്‍കിട സീഫുഡ് ഫാക്ടറികള്‍ എന്നിങ്ങനെ വന്‍ കക്ഷികള്‍ക്കായിരുന്നു പ്രധാനമായും ഇവര്‍ പണം പലിശയ്ക്ക് നല്‍കിയിരുന്നത്. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയുടെ പരാതിയില്‍ സംഘത്തി ല്‍പ്പെട്ട മൂന്നുപേരെയാണ് ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്്. തഞ്ചാവൂര്‍ പാപനാശം സ്വദേശി രാജ്കുമാര്‍ (30), ചെന്നൈ സ്വദേശി അരശു (34), കുംഭകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരാണ് പിടിയിലായത്. പശ്ചിമ കൊച്ചിയിലെ സീഫുഡ് ഫാക്ടറിയില്‍ രണ്ടുകോടി രൂപയുടെ ഇടപാട് നടത്തവെയാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു.
ചെന്നൈ കേന്ദ്രമാക്കി രണ്ട് സഹോദരന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പണമാണ് ഇവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വിതരണം ചെയ്തിരുന്നതെന്നാണ് പോലിസ് പറയുന്നത്. വന്‍തുകയ്ക്കുള്ള ഇടപാടുകളാണ് ഇവര്‍ നടത്തിയിരുന്നത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടാല്‍ 1.60 കോടി രൂപ നല്‍കുകയും 20 മാസത്തിനുള്ളില്‍ രണ്ടുകോടി രൂപ തിരികെ വാങ്ങുകയുമായിരുന്നു പതിവ്.
തിരിച്ചടവു മുടങ്ങിയാല്‍ ഗുണ്ടാസംഘങ്ങളെത്തി ആസ്തികളും വാഹനങ്ങളും കൈക്കലാക്കുമായിരുന്നു. ഇത്തരത്തില്‍ കോട്ടയം സ്വദേശിയുടെ 50 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ ഇവര്‍ ചെന്നൈയിലേക്ക് കടത്തിയിരുന്നു. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ഇവര്‍ ഇടപാട് നടത്തിയ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നു കൂടുതല്‍ വിവരം ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലിസ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാര്‍ എത്തുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
Next Story

RELATED STORIES

Share it