Flash News

ബ്ലൂ സ്റ്റാര്‍ ഓപറേഷന്‍ വാര്‍ഷികം : സുവര്‍ണക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യം



അമൃത്‌സര്‍: ബ്ലൂസ്റ്റാര്‍ ഓപറേഷന്റെ 33ാം വാര്‍ഷികത്തില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ന്നു. അമൃത്‌സറില്‍ ചൊവ്വാഴ്ച സിഖ് സംഘടനയായ ദള്‍ ഖല്‍സയുടെ ആഭിമുഖ്യത്തില്‍ ബന്ദും ആചരിച്ചു. സായുധരായ സിഖ് പ്രവര്‍ത്തകരെ പുറത്താക്കാന്‍ 1984ലാണ് സുവര്‍ണ ക്ഷേത്രത്തില്‍ സര്‍ക്കാര്‍ സൈനിക നടപടി സ്വീകരിച്ചത്. ബ്ലൂ സ്റ്റാര്‍ ഓപറേഷന്റെ വാര്‍ഷികാചരണത്തില്‍ ക്രമസമാധാനഭംഗം തടയാന്‍ അമൃത്‌സര്‍ അടക്കമുള്ള നഗരങ്ങളില്‍ സാധാരണ വേഷം ധരിച്ച പോലിസുകാരും എസ്ജിപിസിയുടെ ദൗത്യസേനയും നിലയുറപ്പിച്ചിരുന്നു. അകാല്‍തക്ത് ജതേദര്‍ ജ്ഞാനി ഗുര്‍ബചന്‍ സിങ് പ്രസംഗിച്ചുകൊണ്ടിരിക്കെ, സിമ്രാന്‍ ജിത് സിങ് മാനിന്റെ നേതൃത്വത്തിലുള്ള എസ്എഡി(എ)യുടെ പ്രവര്‍ത്തകരാണ് സുവര്‍ണ ക്ഷേത്രത്തില്‍  ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തിയത്. എന്നാല്‍, ഗുര്‍ബചന്‍ സിങ് പ്രസംഗം തുടര്‍ന്നു. തുടര്‍ന്ന് ഗുര്‍ ബചന്‍ സിങിനെതിരേയും മുദ്രാവാക്യമുയര്‍ന്നു. സര്‍ബത് ഖല്‍സ നിയമിച്ച സമാന്തര ജതേദാര്‍ ദിയാന്‍സിങ് മന്ദ് അകാല്‍ തക്്തിന്റെ താഴെ നിലയില്‍ നിന്നു പ്രസംഗിച്ചു. എസ്ജിപിസി അടക്കം സിഖ്മത കാര്യങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഇടപെടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അകാല്‍ തക്്തില്‍ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ജതേദാറെ അനുവദിക്കില്ലെന്ന് എസ്ജിപിസി ചെയര്‍മാന്‍ കൃപാല്‍ സിങ് ബാദുംഗര്‍ ഉറപ്പു നല്‍കിയതായിരുന്നുവെന്ന് മാന്‍ പറഞ്ഞു. ബ്ലൂ സ്റ്റാര്‍ ഓപറേഷന്റെ ഉണങ്ങാത്ത മുറിവുകള്‍ ലോക സിഖ് സമുദായം ഓര്‍മിക്കുമെന്ന് ജ്ഞാനി ഗുര്‍ ബചന്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it