ബ്രിട്ടീഷ് പൗരത്വ ആരോപണം: രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും പാര്‍ലമെന്റംഗവുമായ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചു. ബ്രിട്ടനിലായിരിക്കെ അവിടുത്തെ ഒരു കമ്പനിയുമായി ബന്ധപ്പെട്ട രേഖകളില്‍ രാഹുല്‍ തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വെളിപ്പെടുത്തിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മറുപടി ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ രാഹുലിന് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നത്.
ഒരു യുകെ കമ്പനിയുമായി ബന്ധപ്പെട്ട രേഖകളില്‍ താന്‍ ഒരു ബ്രിട്ടീഷ് പൗരനാണ് എന്ന് പ്രഖ്യാപിച്ചത് എന്തു കൊണ്ടാണെന്നതിന് മറുപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചതായി എത്തിക്‌സ് കമ്മിറ്റി അംഗവും ബിജെപി എംപിയുമായ അര്‍ജുന്‍ രാം മേഘ്‌വാല്‍ പറഞ്ഞു. എന്നാല്‍, വിഷയത്തെ നേരിടുമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുലിന്റെ മറുപടി. ജനുവരിയില്‍ വിഷയവുമായി ബന്ധപ്പെട്ട് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം മഹേഷ് ഗിരി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്തയിച്ചിരുന്നു. രാഹുലിന് ഇന്ത്യയിലും ബ്രിട്ടനിലുമായി ഇരട്ട പൗരത്വമുണ്ടെന്ന് ഗിരി സ്പീക്കര്‍ക്കെഴുതിയ കത്തില്‍ പരാതിപ്പെട്ടിരുന്നു.
രാഹുലിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും രാഹുലിന് ഇരട്ട പൗരത്വമുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്നും ഗിരി പിന്നീട് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു. രാഹുല്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് ബ്രിട്ടണില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ ഇന്ത്യന്‍ പൗരത്വവും പാര്‍ലമെന്റ് അംഗത്വവും റദ്ദ് ചെയ്യണമെന്നും നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സ്വാമിയുടെ ആരോപണങ്ങളെ കോണ്‍ഗ്രസ് തള്ളിയിരുന്നു. നവംബറിലാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം സ്വാമി ആദ്യമായി ഉന്നയിക്കുന്നത്. എന്നാല്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കുന്ന അതേ കമ്പനിയുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു രേഖ പുറത്ത് വിട്ടു കൊണ്ട് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു.
ബ്രിട്ടീഷ് പൗരനാണെന്നുള്ള രേഖയില്‍ അച്ചടിപ്പിശക് വന്നതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. ഇപ്പോഴത്തെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നും അതിനാല്‍ തന്നെ എത്തിക്‌സ് കമ്മിറ്റി അത് തള്ളിക്കളയുകയാണ് വേണ്ടതെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയുമായ ഗുലാം നബി ആസാദ് പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കാനുള്ള അധികാരം 11 അംഗ എത്തിക്‌സ് കമ്മിറ്റിക്കുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയാണ് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍.
Next Story

RELATED STORIES

Share it