malappuram local

ബ്രിട്ടിഷ് പതാക അഗ്‌നിക്കിരയാക്കിയ സ്വാതന്ത്ര്യസമര ഭടന്‍ മുക്രക്കാട്ട് കുട്ടപ്പന്‍ ഓര്‍മയായി

താനൂര്‍: രാജ്യസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ കൊടിമരത്തില്‍ നിന്നും ബ്രിട്ടിഷ് പതാക താഴ്ത്തി അഗ്‌നിക്കിരയാക്കിയ ശേഷം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി കെട്ടിയ താനൂര്‍ നടക്കാവ് സ്വദേശിയും സ്വാതന്ത്ര്യസമരസേനാനിയുമായ മുക്രക്കാട്ട് കുട്ടപ്പന്‍ ഓര്‍മയായി. 95 വയസ്സുണ്ടായിരുന്ന കുട്ടപ്പന്‍ ചെറുപ്പത്തില്‍ തന്നെ പോലിസിനോടുള്ള ആരാധനമൂലം അന്നത്തെ ബ്രിട്ടിഷ് പോലിസിന്റെ അധീനതയിലുള്ള എംഎസ്പിയില്‍ ചേര്‍ന്നു.
പാണ്ടിക്കാടായിരുന്നു അന്ന് എംഎസ്പിയുടെ ആസ്ഥാനം. തുടര്‍ന്ന് സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട കാലയളവില്‍ പോലിസിനകത്തു തന്നെയുള്ള യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ കുട്ടാപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. എംഎസ്പിയുടെ മദ്രാസിലെ ആസ്ഥാനത്ത് വച്ച് ഇന്ത്യക്കാരനായ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് പതാക കത്തിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ നടപടിയെപ്പറ്റി കുട്ടപ്പന്‍ അറിയാനിടയായി. തുടര്‍ന്ന് പാണ്ടിക്കാട്ടും കുട്ടാപ്പന്‍ സമാനമായ സംഭവത്തിന് നേതൃത്വം നല്‍കുകയായിരുന്നു.
ഇതിന്റെ പേരില്‍ ബ്രിട്ടിഷ് പോലിസിന്റെ മര്‍ദനത്തിനിരയാവുകയും 600ലധികം സഹപ്രവര്‍ത്തകരെയും കുട്ടപ്പനെയും സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ 50ാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ കുട്ടപ്പനെ ഡല്‍ഹിയിലേയ്്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാനായില്ല.
രണ്ടുവര്‍ഷം മുമ്പായിരുന്നു സഹധര്‍മിണി പൂതേരി ലക്ഷ്മിയുടെ വിയോഗം. മക്കളില്ലാത്ത ഇദ്ദേഹം ജ്യേഷ്ഠപുത്രനായ ഗോപാലനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. ശാരീരിക അവശതകള്‍ക്കിടയിലും സ്വാതന്ത്ര്യദിനം എന്നത് ആഹ്ലാദകരമായ അനുഭവമാണെന്ന് ഓര്‍മിപ്പിക്കാറുണ്ടായിരുന്നെന്ന് ഉറ്റവര്‍ അനുസ്മരിച്ചു.താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ റീത്ത് സമര്‍പ്പിച്ചു.
ജില്ലാ കലക്ടര്‍ക്കു വേണ്ടി തഹസില്‍ദാര്‍ എം ഷാജഹാന്‍, ആര്‍ഡിഒ ജെ മോബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണി, വില്ലേജ് ഓഫിസര്‍ക്ക് വേണ്ടി ഫീല്‍ഡ് ഓഫിസര്‍ ഒ വിനോദ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്—സണ്‍ സി കെ സുബൈദ, വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്—റഫ്, കൗണ്‍സിലര്‍മാരായ പി ടി ഇല്ല്യാസ്, എം പി അഷ്—റഫ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍, ബിജെപി സംസ്ഥാനസമിതി അംഗം കെ ജനചന്ദ്രന്‍, പൊതുപ്രവര്‍ത്തകരായ അജയ് പെരുവലത്ത്, കെ രാജഗോപാലന്‍, പ്രകാശ് പുത്തന്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it