World

ബ്രിട്ടനില്‍ വിദേശ, ബ്രെക്‌സിറ്റ് മന്ത്രിമാര്‍ രാജിവച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂനിയനുമായി ബന്ധം തുടരുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ധാരണയില്‍ വിയോജിച്ച് ബ്രിട്ടനില്‍ വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും രാജിവച്ചു. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് ഇരുവരുടെയും രാജി.
സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി ബ്രിട്ടനെ അപകടപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ശിനിയാഴ്ച വൈകീട്ടാണ് ഡേവിഡ് ഡേവിസ് രാജിവച്ചത്്. 24 മണിക്കൂറിനകം ജോണ്‍സണും രാജി പ്രഖ്യാപിക്കുകയായിരുന്നു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തു പോവുന്നതു കാരണം രാജ്യത്തിനുണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ മേയ് ഗൗരവത്തോടെ കാണുന്നില്ലെന്ന്് ജോണ്‍സണ്‍ ആരോപിച്ചു. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാന്‍ ഒമ്പതു മാസം മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി സൗഹാര്‍ദ വ്യാപാര, വ്യവസായ ബന്ധം പുലര്‍ത്തുന്ന കരാറിന് വെള്ളിയാഴ്ച കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇത് ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് ഡേവിസിന്റെ ആരോപണം. 2016 മുതല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയത് ഡേവിസ് ആയിരുന്നു. 2019 മാര്‍ച്ച് 29 ഓടെ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനായിരുന്നു മേയുടെ തീരുമാനം.
ബ്രെക്‌സിറ്റ് നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ രണ്ടു മന്ത്രിമാരുടെ രാജി ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണു വിലയിരുത്തല്‍ .
Next Story

RELATED STORIES

Share it