Flash News

ബ്രഹ്മപുത്രയില്‍ നിന്ന് വെള്ളം ചോര്‍ത്തല്‍ : റിപോര്‍ട്ട് നിഷേധിച്ചു ചൈന



ബെയ്ജിങ്: ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ബംഗ്ലാദേശിന്റെയുംപ്രധാന ജല സ്രോതസ്സായ  ബ്രഹ്മപുത്ര നദിയില്‍നിന്നു വെള്ളം ചോര്‍ത്താന്‍ ബൃഹദ് പദ്ധതി തയ്യാറാക്കുന്നുവെന്ന റിപോര്‍ട്ട് ചൈന നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്്് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് വ്യക്തമാക്കി. നദീജലം പങ്കിടുന്നതില്‍ ഉഭയകക്ഷി സഹകരണത്തിനു ചൈന വലിയ പ്രാധാന്യമാണു നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.ബ്രഹ്മപുത്രയുടെ പോഷകനദിയായ ദക്ഷിണ തിബത്തിലെ യര്‍ലങ് സാങ്‌ബോയില്‍നിന്നു 1,000 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ചു  ഷിന്‍ജിയാങ്ങിലേക്കു വെള്ളം തിരിച്ചുവിടാന്‍ ചൈന പദ്ധതി തയ്യാറാക്കിയെന്നായിരുന്നു റിപോര്‍ട്ട്. ഇതിലൂടെ ഷിന്‍ജിയാങ്ങിലെ തക്ലാമാകന്‍ മരുഭൂമി കൃഷിയോഗ്യമാവുമെന്നും സൗത്ത് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.അതേസമയം, ലോകത്തിലെ ഏറ്റവും ഉയരമുള്ള പീഠഭൂമിയായ തിബത്തില്‍നിന്നു വെള്ളം ഊറ്റുന്നതും തുരങ്കം നിര്‍മിക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നത്തിന് ഇടയാക്കുമെന്നു വ്യക്തമാക്കി ഗവേഷകരും രംഗത്തെത്തി. തിബത്തില്‍ ഇപ്പോള്‍തന്നെ കാലാവസ്ഥാ മാറ്റം പ്രകടമാണ്. ഇതിനൊപ്പം ഹിമാലയത്തില്‍ പല ഭാഗത്തും ജലക്ഷാമവുമുണ്ട്. ഭൂചലന സാധ്യതയുള്ള മേഖലയായതിനാല്‍ തുരങ്കനിര്‍മാണം വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ചൈനയുടെ നീക്കം ഇന്ത്യ -ചൈന തര്‍ക്കങ്ങള്‍ക്കു കാരണമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it