Flash News

ബീഫ് : ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു



റാഞ്ചി: കാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തി. ആലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയാണു കൊല്ലപ്പെട്ടത്. ശേഷം ഇദ്ദേഹത്തിന്റെ വാഹനം അഗ്‌നിക്കിരയാക്കി. ഗോസുരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ച് മണിക്കൂറുകള്‍ക്കകമാണ് പുതിയ സംഭവം. കൊല്ലപ്പെട്ട ആലിമുദ്ദീന്‍ തന്റെ മാരുതി വാനില്‍ പോകവെയാണ് രാംഗഡ് ജില്ലയിലെ ബജര്‍തന്ദ് ഗ്രാമത്തില്‍ വച്ച് ക്രൂരമായി മര്‍ദിക്കപ്പെടുന്നത്. വിവരം ലഭിച്ച് പോലിസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ആലിമുദ്ദീന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പോലിസ് ഓഫിസര്‍ ആര്‍ കെ മാലിക് പറഞ്ഞു. ഇറച്ചി വ്യാപാരികളായ കുറച്ചുപേര്‍ കാത്തിരുന്ന് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവത്രേ. കൊലപാതകികളെ തിരിച്ചറിഞ്ഞു. ഇവര്‍ കൊല്ലപ്പെട്ട വ്യക്തിയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്നു- പോലിസ് പറഞ്ഞു. ആലിമുദ്ദീന്റെ വാഹനത്തില്‍ ബീഫ് ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മൂന്നു ദിവസം മുമ്പ് സംസ്ഥാനത്ത് പാലുല്‍പാദന കേന്ദ്രം ഉടമയെ ആള്‍ക്കൂട്ടം ഇത്തരത്തില്‍ ആക്രമിച്ചിരുന്നു. ഉസ്മാന്‍ അന്‍സാരി എന്നയാളെ വീടിനടുത്ത് പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്. അക്രമികള്‍ ഇദ്ദേഹത്തിന്റെ വീട് അഗ്‌നിക്കിരയാക്കുകയും ചെയ്തു. 55കാരനായ ഉസ്മാന്‍ അന്‍സാരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ 50ഓളം പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it