ബിഷപ് രാജിവയ്‌ക്കേണ്ടിയിരുന്നു: ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രംഗത്ത്. വ്യക്തിപരമായി തനിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരായിട്ടുള്ളതെന്ന ബിഷപ് ഫ്രാങ്കോയുടെ വാദം ശരിയല്ലെന്നു കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സഭാ പിതാവെന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതാവട്ടെ, തികച്ചും വ്യക്തിപരായ ആരോപണങ്ങള്‍ തന്നെയാണ്. അത്തരം ആരോപണമുണ്ടാവുമ്പോള്‍ സഭയുടെ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. താന്‍ രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന ബിഷപ് ഫ്രാങ്കോയുടെ പ്രസ്താവന വളരെ നേരത്തേ തന്നെ നടപ്പാക്കേണ്ടിയിരുന്ന കാര്യമാണ്. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാവുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ സഭയെ എതിര്‍ക്കുന്ന കക്ഷികളുടെ ഗൂഢാലോചനയുമുണ്ടാവാം. എന്നാല്‍, അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ ബിഷപ് ഫ്രാങ്കോ പൊതുസമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുമായിരുന്നുവെന്നു ഷാജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരത്തെ തള്ളി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). നിയമാനുസൃതമായ അന്വേഷണവുമായി സഭ സഹകരിക്കുമ്പോള്‍ കത്തോലിക്ക സഭയെയും സന്ന്യാസ ജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറച്ചു സന്ന്യാസിനികള്‍ വഴിവക്കില്‍ പ്ലക്കാര്‍ഡ് പിടിച്ച് മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു കെസിബിസി വ്യക്തമാക്കി. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഒരു സന്ന്യാസിനി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിന്റെ മറവില്‍ കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കുന്നതിനു സ്ഥാപിത താല്‍പര്യക്കാരും ചില മാധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്നില്‍നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ അതിരുകടന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ചാലുടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്നും കെസിബിസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it