ബിജെപി വാദം പൊളിഞ്ഞു; പലായന പ്രചാരണത്തിനെതിരേ പരാതി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലുള്ള കൈരാന, കാന്ത്‌ല നഗരങ്ങളില്‍ നിന്നു പ്രത്യേക സമുദായത്തിന്റെ ഭീഷണിമൂലം ഹിന്ദുക്കള്‍ കൂട്ട പലായനം ചെയ്യുകയാണെന്ന ബിജെപിയുടെ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. തന്റെ വീടിന് മുമ്പില്‍ വില്‍പനയ്ക്ക് ബോര്‍ഡ് തൂക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരേ വ്യവസായി ഗൗരവ് ജെയ്ന്‍ പോലിസില്‍ പരാതി നല്‍കി. കാന്ത്‌ലയിലെ വീടിനു മുമ്പില്‍ ബോര്‍ഡ് സ്ഥാപിച്ചത് അജ്ഞാത സംഘമാണെന്ന് പരാതിയില്‍ പറയുന്നു.
ബിജെപി എംപി ഹുക്കും സിങാണ് ഷാംലി ജില്ലയില്‍നിന്നു ഹിന്ദുക്കള്‍ പലായനം ചെയ്യുകയാണെന്ന വിവാദത്തിന് തുടക്കമിട്ടത്. ഇക്കാര്യം തള്ളിയ യുപിയിലെ രാഷ്ട്രീയ കക്ഷികള്‍, ബിജെപിയുടെ ലക്ഷ്യം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വര്‍ഗീയ പ്രചാരണമാണെന്ന് പ്രതികരിച്ചു. പലായനം ചെയ്ത ഹിന്ദു കുടുംബങ്ങളുടേതെന്ന് കാണിച്ച് ഹുക്കുംസിങ് പുറത്തുവിട്ട 63 പേരടങ്ങുന്ന രണ്ടാമത്തെ പട്ടികയില്‍ ഗൗരവിന്റെ അച്ഛന്‍ പരസ് ഛന്ദിന്റെ പേരുമുണ്ട്.
ആദ്യത്തെ പട്ടികയില്‍ കൈരായനയില്‍ നിന്നുള്ള 346 ഹിന്ദു കുടുംബങ്ങളാണുണ്ടായിരുന്നത്. തന്റെ കുടുംബത്തിന് ഭീഷണിയില്ലായിരുന്നുവെന്നും പ്രചാരണം വ്യാജമാണെന്നും ഗൗരവ് പരാതിയില്‍ പറയുന്നു. 2010ല്‍ ജോലിയാവശ്യാര്‍ഥമാണ് താന്‍ ഗാസിയാബാദിലെത്തിയത്.
പിന്നീട് കുടുംബത്തെയും കൊണ്ടുവരുകയായിരുന്നു. പലായന വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്ന ചാനലുകളും പത്രങ്ങളും തന്റെ വീടിന്റെ പശ്ചാത്തല ചിത്രം നല്‍കിയാണ് വാര്‍ത്ത കൊടുക്കുന്നത്. ഇതിനെതിരേ ജില്ലാ മജിസ്‌ട്രേറ്റിനും പരാതി നല്‍കിയിട്ടുണ്ട്. തന്റെ അച്ഛന്റെ പേര് എംപിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ആശ്ചര്യമുണ്ടെന്ന് ഗാസിയാബാദില്‍ മെഡിക്കല്‍ ഷോപ്പുകള്‍ നടത്തുന്ന ഇദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് കാന്ത്‌ലയും കൈരാനയും. ബിജെപി എംപിയുടെ ആരോപണം അന്വേഷിക്കാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തോട് ക്രമസമാധാന പ്രശ്‌നങ്ങളാണ് ജനങ്ങള്‍ വിശദീകരിച്ചത്.
പലായനം നടന്നിട്ടില്ലെന്നു സംഘത്തിലുണ്ടായിരുന്ന ഷാംലി എംഎല്‍എ പങ്കജ് മാലിക് പറഞ്ഞു. പ്രദേശം സന്ദര്‍ശിച്ച ഹിന്ദു സന്യാസിമാരും ഇക്കാര്യം ശരിവച്ചു. ബിജെപി ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് അഖില ഭാരതീയ സന്ത് മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി പറഞ്ഞു.
Next Story

RELATED STORIES

Share it