kannur local

ബിജെപി യാത്രയ്ക്ക് ബസ് സ്റ്റാന്റ് വിട്ടുനല്‍കിയത് വിവാദത്തില്‍



പയ്യന്നൂര്‍: ബിജെപി ജനരക്ഷായാത്രയുടെ ഉദ്ഘാടന പരിപാടിക്ക് ജനത്തിരക്കേറിയ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് വിട്ടുനല്‍കിയ ആഭ്യന്തരവകുപ്പ് നടപടി വിവാദത്തില്‍. പഴയ ബസ്സ്റ്റാന്റും ടൗണ്‍ സ്‌ക്വയറും ബിജെപി പരിപാടിക്കായി മാറ്റിവച്ചിരിക്കുകയാണ്. നിത്യേന വാഹനത്തിരക്കും ജനസാന്നിധ്യവുമുള്ള നഗരത്തിന്റെ ഹൃദയഭാഗമാണിത്. ഇടുങ്ങിയ റോഡും വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ തിരക്കും കാരണം ടൗണില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വാഹനങ്ങള്‍ ശരിയായ ദിശയില്‍ തിരിച്ചുവിടുന്നതിന് മതിയായ സംവിധാനമില്ല. സെന്‍ട്രല്‍ ബസാറില്‍ സോളാര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റം നഗരസഭ സ്ഥാപിച്ചിരുന്നെങ്കിലും ഫലപ്രദമല്ല. ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. സുരക്ഷാ കാരണം പറഞ്ഞ് പൊതുജന സഞ്ചാരം പോലും പോലിസ് നിരോധിച്ചു. ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടും പരിഗണിച്ചില്ല. ചില വിദ്യാലയങ്ങള്‍ക്ക് പ്രഖ്യാപിത അവധിയും മറ്റു ചില സ്ഥാപനങ്ങള്‍ക്ക് അപ്രഖ്യാപിത അവധിയും നല്‍കി. പഴയ ബസ് സ്റ്റാന്റിനേക്കാള്‍ വിശാലമായ പയ്യന്നൂര്‍ കോളജ് ഗ്രൗണ്ടും, ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയവും സമീപം ഉണ്ടായിട്ടും ബിജെപി ആവശ്യപ്പെട്ട സ്ഥലം തന്നെ പോലിസ് അനുവദിക്കുകയായിരുന്നു. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂര്‍ സന്ദര്‍ശനം വിജയിപ്പിക്കാന്‍ രാജാവിനെക്കാളും വലിയ രാജഭക്തിയുമായി പിണറായി ഭരണകൂടം മുന്നിട്ടിറങ്ങിയത് ലജ്ജാകരമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. ഇതു ഭരണ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യലാണ്. ബംഗാളിലും കര്‍ണാടകയിലും അമിത് ഷാ പോയപ്പോള്‍ നിയമം ലംഘിച്ച് പരിപാടി നടത്താനുള്ള നീക്കം സര്‍ക്കാര്‍ തടഞ്ഞിരുന്നു. പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ മഹാത്മാവിന് പുഷ്പമാല ചാര്‍ത്താനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയും നഗ്‌നമായ വിധേയത്വമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം അക്രമം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം. കാപട്യമില്ലാതെയാണ് ഇതു പറഞ്ഞതെങ്കില്‍ എന്തുകൊണ്ടാണ് അക്രമജാഥ നിരോധിക്കാന്‍ ആവശ്യപ്പെടാത്തതെന്ന് വ്യക്തമാക്കണം. സംഘപരിവാരത്തിന് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടുപെടുകയാണ്. ഇതു പിണറായി ഭരണകൂടത്തിന്റെ വിധേയത്വമാണെന്ന് വ്യക്തം. ഇക്കാര്യത്തില്‍ എല്‍ഡിഎഫിലെ മറ്റു കക്ഷികളുടെ അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
Next Story

RELATED STORIES

Share it