ബിജെപി ഭരണത്തിനെതിരേ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സനും വൈസ്‌ചെയര്‍മാനുമെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. യുഡിഎഫിന്റെ 17 അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ഇന്നലെ ഉച്ചയോടെ നല്‍കിയത്.
15 ദിവസത്തിനകം നോട്ടീസിന്‍മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇതോടെ സംസ്ഥാനത്തെ ഏക നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമാവും. അവിശ്വാസപ്രമേയം വിജയിക്കണമെങ്കില്‍ സിപിഎം പിന്തുണ നിര്‍ബന്ധമാണ്. നേരത്തെ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസായിരുന്നു. ഇതുപോലെ നഗരസഭാ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാനെതിരെയുള്ള അവിശ്വാസവും പാസാവുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. നേരത്തെ നടന്ന അവിശ്വാസപ്രമേയത്തില്‍ സിപിഎം പിന്തുണയോടെ അഞ്ചില്‍ നാല് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബിജെപി പ്രതിനിധികളെ പുറത്താക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരം സമിതി അധ്യക്ഷന്‍മാരെ ലഭിക്കുകയും ചെയ്തു.
ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ നോട്ടീസിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷം അധികാരത്തില്‍ നിന്ന് ബിജെപി പുറത്താവുമെന്ന് ഉറപ്പാണ്. കക്ഷിനില: ആകെ അംഗങ്ങള്‍ 52. ബിജെപി-24, യുഡിഎഫ്-18, സിപിഎം-9, വെല്‍ഫെയര്‍ പാര്‍ട്ടി-1







Next Story

RELATED STORIES

Share it