kannur local

ബിജെപി ജാഥ കാറ്റുപോയ ബലൂണ്‍ പോലെ: സിപിഎം



കണ്ണൂര്‍: അമിത് ഷാ പിന്‍വാങ്ങിയതോടെ ബിജെപി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ചുപോയതെന്ന് വ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരാണ പ്രവര്‍ത്തനങ്ങാണ് നടന്നത്. ആഴ്ചകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല. സംഘര്‍ഷമുണ്ടാക്കാന്‍ മംഗലാപുരത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷങ്ങളാണു ചെലവഴിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോയെന്ന ശ്രമവും നടത്തിയിരുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചാരണം പൊളിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജാഥ മതിയാക്കി അമിത് ഷാ തിരിച്ചുപോയത്. സംഘപരിവാറിന്റെ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് ജാഥ ബഹിഷ്‌കരിച്ച ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. അമിത് ഷായ്‌ക്കൊപ്പം കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും യഥാര്‍ഥ വസ്തുതകള്‍ ബോധ്യപ്പെട്ടു. അക്രമങ്ങള്‍ തുടങ്ങിവയ്ക്കുന്നത് ആര്‍എസ്എസ് ആണെന്നും ജനങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമാണ് അവര്‍ക്കും ബോധ്യമായാത്. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി സ്വാധീനമുണ്ടാക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടസ്സം കോണ്‍ഗ്രസല്ല സിപിഎം ആണെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനാലാണ് ഡല്‍ഹി ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സിപിഎം വിരുദ്ധ പ്രചാരണത്തിന് ബിജെപി രംഗത്തിറങ്ങിയത്. ജാഥ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിനെതിരേ അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രചാരണവും അക്രമണവും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it