ബിജെപിയുമായി സഖ്യമില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്. നാഷനല്‍ കോണ്‍ഫറന്‍സിന് അധികാരത്തോട് ആര്‍ത്തിയില്ലെന്നും പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി വ്യക്തമാക്കിയതാണ്. അതില്‍ മാറ്റംവരുത്താന്‍ കാരണമൊന്നുമില്ല. ഉമര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയുമായി ചര്‍ച്ച നടത്തുന്നതില്‍ തുറന്ന സമീപനമാണ് നാഷനല്‍ കോണ്‍ഫറന്‍സിനുള്ളതെന്ന് ഉമറിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞിരുന്നു. അതിനെ നിരാകരിച്ചുകൊണ്ടാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ഉമര്‍ നിലപാട് വ്യക്തമാക്കിയത്.
സാങ്കല്‍പികമായ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. ബിജെപിയെ തുണയ്ക്കുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപിയില്‍നിന്നു അഭ്യര്‍ഥനയുണ്ടായാല്‍ അക്കാര്യം പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മറ്റി ചര്‍ച്ചചെയ്യുമെന്ന് മാത്രമാണ് ഫാറൂഖ് പറഞ്ഞതെന്ന് ഉമര്‍ അബ്ദുല്ല വ്യക്തമാക്കി.87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപിക്ക് 25 അംഗങ്ങളാണുള്ളത്.
ബിജെപിയുടെ സഖ്യകക്ഷിയായ സജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ടു സീറ്റുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സിന് 15 അംഗങ്ങളുണ്ട്. ബിജെപി-നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം യാഥാര്‍ഥ്യമാവുന്നുവെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണകൂടി അവര്‍ക്കു വേണ്ടിവരും. പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്. ഗവര്‍ണര്‍ ഭരണത്തിനു കീഴിലാണ് ഇപ്പോള്‍ ജമ്മുകശ്മീര്‍.
Next Story

RELATED STORIES

Share it