Flash News

ബിഗ്‌ബോസിന്റെ ഓഫര്‍ നിരസിച്ച് ജമ്മുകശ്മീരിലെ 'മനുഷ്യകവചം'

ന്യൂഡല്‍ഹി: ബിഗ്‌ബോസ് റിയാലിറ്റി ഷോയിലേക്കുള്ള ക്ഷണം നിരസിച്ചെന്ന് കശ്മീരില്‍ സൈനിക മേജര്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന 29കാരനായ ഫാറൂഖ് അഹ്മദ് ദര്‍. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് 50 ലക്ഷം രൂപയാണ് ചാനല്‍ അധികൃതര്‍ ഫാറൂഖിന് വാഗ്ദാനം ചെയ്തത്.
നിലവില്‍ എംബ്രോയ്ഡറി ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ഫാറൂഖിനെ 2017 ഏപ്രില്‍ 9നാണ് സൈന്യം ജീപ്പിനു മുന്നില്‍ മനുഷ്യകവചമാക്കി കെട്ടിയിട്ടത്. ഫാറൂഖിനെ ജീപ്പിന്റെ ബോണറ്റില്‍ ബന്ധിച്ച ചിത്രങ്ങള്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് ബിഗ്‌ബോസില്‍ നിന്ന് ഫാറൂഖിന് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ബിഗ്‌ബോസ് പ്രൊഡ്യൂസര്‍മാര്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തനിക്കുള്ള ടിക്കറ്റ് തയ്യാറാണെന്നും അവര്‍ പറഞ്ഞതായി ഫാറൂഖ് പറഞ്ഞു. സൈനിക അതിക്രമത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഫാറൂഖ്. ഇതിനിടെയാണ് ചാനലിന്റെ വന്‍ ഓഫറെത്തിയത്. 28 ഗ്രാമങ്ങളിലൂടെയാണ് ഫാറൂഖിനെയും കൊണ്ട് കശ്മീര്‍ സൈന്യം പര്യടനം നടത്തിയത്.
ഫാറൂഖിനെ കെട്ടിവച്ച് സൈനിക ജീപ്പ് കുതിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഫാറൂഖിനെ മനുഷ്യകവചമാക്കിയത്. അതേസമയം, ചാനല്‍ അധികൃതര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it