kozhikode local

ബിഎംഎസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്‌

നാദാപുരം: ബിഎംഎസ് വളയം മേഖല പ്രസിഡന്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരി ബാലകൃഷ്ണന്റെ മകന്‍ വിപിന്റെ വീടിന് നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബോംബേറുണ്ടായത്. ബാലക്യഷ്ണന്റെ വീടിന്റെ മുന്‍വശത്തെ പാരപ്പറ്റിലാണ് ബോംബ് പതിച്ചത്. തുടര്‍ന്ന് ബോംബ് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ വീടിന്റ പാരപ്പറ്റും ഓടും തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബാലകൃഷ്ണന്റെ മകന്‍ വിപിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്. വീടിന്റെ മുന്‍ ഭാഗത്തെ റോഡില്‍ ബൈക്കിലെത്തിയ മൂന്നംഗ  സംഘമാണ് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സ്‌ഫോടനം നടന്ന ശേഷം വീടിന് മുന്‍വശത്തെ റോഡില്‍ നിന്ന് മോട്ടോര്‍ ബൈക്ക് അമിത വേഗതയില്‍ ഓടിച്ച് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ചെക്കോറ്റ ഭാഗത്ത് നിന്ന് മൂന്ന് പേര്‍ ബൈക്കില്‍ പോവുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങളില്‍ ബൈക്കില്‍ പോകുന്ന യുവാക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്. നാദാപുരം ഡിവൈഎസ്പി വി കെ രാജു, സിഐ എം പി രാജേഷ്,വളയം എസ്‌ഐ പി എല്‍ ബിനുലാല്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.
വീടിന്റെ മുറ്റത്തും, സമീപത്തെ പറമ്പില്‍ നിന്നും സ്‌ഫോടനത്തെ തുടര്‍ന്ന് ചിതറി തെറിച്ച സ്റ്റീല്‍ കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെത്തി. പുതിയതുംഉഗ്ര ശേഷിയുള്ളതുമായ സ്റ്റീല്‍ ബോംബാണ് അക്രമത്തിനുപയോഗിച്ചതെന്ന് പോലിസ് പറഞ്ഞു. ബോംബ്ബേറുണ്ടായതിനെ തുടര്‍ന്ന് വളയം പോലിസിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പോലിസും, ഡോഗ് സ്‌ക്വാഡും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it