Flash News

ബാലികയ്ക്കു ചികില്‍സാ നിഷേധം : രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു



തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കു വൈദ്യപരിശോധന നിഷേധിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ രണ്ടു വനിതാ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡോ. ലേഖ, ഡോ. ഗംഗ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സപ്തംബര്‍ 14നാണു കേസിനാസ്പദമായ സംഭവം. ഡോക്ടര്‍മാര്‍ക്കെതിരായ റിപോര്‍ട്ട് പരിശോധിച്ച് അന്വേഷണ വിധേയമായി നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധനയ്ക്കു വിസമ്മതിച്ചുവെന്നാണു പരാതി. തുടര്‍ന്നു രണ്ടാമത് ഡ്യൂട്ടിക്കെത്തിയ ഡോക്ടറും പരിശോധന നടത്തിയില്ല. സംഭവത്തില്‍ പോലിസ് ജില്ലാ പോലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും റിപോര്‍ട്ട് നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടു. നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ബന്ധുക്കള്‍ വീണ്ടും പരാതികള്‍ അയച്ചിരുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടു കൂടി ആതുരസേവനം നടത്തുന്ന സംസ്‌കാരമാണ് കേരളത്തിനുണ്ടായിരുന്നത്. അതിന് ഇപ്പോള്‍ കോട്ടംതട്ടിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it