thrissur local

ബാര്‍ കോഴക്കേസ്; അഡ്വക്കറ്റ് ജനറല്‍ രാജിവയ്ക്കണം: അഡ്വ. വി എസ് സുനില്‍കുമാര്‍ എംഎല്‍എ

തൃശൂര്‍: ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ നിയമവിരുദ്ധമായി ഇടപെട്ട അഡ്വക്കറ്റ് ജനറല്‍ രാജിവയ്ക്കണമെന്ന് അഡ്വ.വി എസ് സുനില്‍കുമാര്‍ എംഎല്‍എ സരിതയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കെ ബാബുവിനും ബിജു രമേശിനും എതിരെ നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജുവിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ ബാബുവിനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നു. ഈ സാഹര്യത്തിലാണ് വിജിലന്‍സിനും പൊലീസിനും അന്വേഷിക്കാന്‍ കഴിയാത്ത വിധം ഗൂഡാലോചനകള്‍ നടക്കുന്ന ബാര്‍ കോഴ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി കൊടുത്തത്.
ബിജുവിന്റെ ആരോപണ പ്രകാരം കൈക്കൂലി വാങ്ങിയ മന്ത്രി കെ ബാബുവിനെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. അതിനായി മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതിയില്‍ ഉണ്ടായത്. ബാബുവിന്റെ രാജി വാങ്ങി കീശയിലിട്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി അതിനൊപ്പം മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള തന്റെ രാജിക്കത്തുകൂടി ഗവര്‍ണര്‍ക്ക് കൈമാറുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
ബാര്‍ കോഴ കേസിന്റെ അന്ത്യ നിമിഷത്തില്‍ മുഖ്യമന്ത്രിയും പ്രതിയായി മാറും. ആഭ്യന്തര വകുപ്പ് അറിയാതെയാണ് മുഖ്യമന്ത്രിയും എജിയും ഗൂഡാലോചന നടത്തി ബാബുവിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ ഇടപെട്ടത്. ഇത് രാജ്യത്തെ നിയമചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടനാ ലംഘനമാണ്.
ക്രിമിനല്‍ കേസില്‍ പ്രതിയായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിയമപരമായി ആ കേസില്‍ സര്‍ക്കാര്‍ വാദിയാണ്. എന്നാല്‍, പ്രതിക്കെതിരായ കോടതി പരാമര്‍ശം സ്റ്റേ ചെയ്യാന്‍ വാദി ഹൈക്കോടതിയില്‍ ഹാജരായത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞുനടക്കുകയും നിയമത്തെ തന്റെ വഴിയിലേക്ക് തെളിക്കുകയും ചെയ്യാന്‍ അഡ്വക്കറ്റ് ജനറലെ വിനിയോഗിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്തത്. സലീംരാജിന്റെ ടെലഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി വിധിയെ അന്നുതന്നെ എജിയെ ഹൈക്കോടതിയിലെത്തിച്ച് സ്റ്റേ ചെയ്യിപ്പിച്ചു. ഒടുവില്‍ 19 മണിക്കൂര്‍ അന്വേണകമ്മിഷന് മുന്നില്‍ തെളിവ് കൊടുക്കേണ്ട അവസ്ഥയിലെത്തിയിട്ടും സരിതയെ മൂന്ന് നാലു തവണ കണ്ടിട്ടുണ്ടായിരിക്കാമെന്ന നിഗമനമാണ് മുഖ്യമന്ത്രി നല്‍കിയത്.
പലപ്പോഴായി പല ഉയര്‍ന്ന പോലിസ് ഉന്നതര്‍ക്ക് മുന്നില്‍ സരിത നല്‍കിയ മൊഴി ഇപ്പോള്‍ പരസ്യപ്പെട്ടതിലല്ല പുതുമ. നേരത്തെ സരിത നല്‍കിയ മൊഴിയെല്ലാം ഒളിപ്പിച്ചുവയ്ക്കുകയും അതിന് തെളിവായ രേഖകളും മറ്റും നശിപ്പിക്കുകയും ചെയ്ത നടപടികളെയാണ് എതിര്‍ത്തുകൊണ്ടിരിക്കുന്നത്. ഐജി ജോസഫിനെയാണ് ഈ രേഖകളെല്ലാം നശിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇതെല്ലാം മുഖമന്ത്രിയുടെ ഗൂഡാലോചനയാണ് ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനപ്പുറത്താണിതെല്ലാമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it