ബാബരി രക്തസാക്ഷിത്വത്തിന് 25 ആണ്ട്‌

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ, മതേതര സങ്കല്‍പങ്ങള്‍ക്കു മേല്‍ കറുത്ത പാട് വീഴ്ത്തി സംഘപരിവാര കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ഇന്നേക്ക് 25 വര്‍ഷം.
മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ മാത്രമേ നിര്‍ഭയജനാധിപത്യവും മതസഹിഷ്ണുതയും പുനസ്ഥാപിക്കാനാവൂ എന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംഘപരിവാര ഫാഷിസത്തിനും ആക്രമണോല്‍സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലായി ഒരു ബാബരി ദിനം കൂടി കടന്നുപോവുന്നത്.
ബിജെപി അധ്യക്ഷനായിരുന്ന എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുടെ ഒടുവില്‍ 1992 ഡിസംബര്‍ ആറിനാണ് 1528ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കര്‍സേവകര്‍ തകര്‍ത്തത്. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറയാണ് ഡിസംബര്‍ 6ന് ബാബരി ധ്വംസനത്തിലൂടെ തകര്‍ക്കപ്പെട്ടതെന്ന് കാലം സാക്ഷ്യപ്പെടുത്തി. സംസ്ഥാന ബിജെപി സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മൗനാനുവാദത്തോടെ  സുരക്ഷാസൈന്യത്തെ നോക്കുകുത്തികളാക്കിയാണ്  അഡ്വാനിയുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ ഫൈസാബാദിലെ ബാബരിയുടെ താഴികക്കുടങ്ങള്‍ നിലംപരിശാക്കിയത്.
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പള്ളി തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ എല്‍ കെ അഡ്വാനി, അശോക് സിംഗാള്‍, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയവരും അനുബന്ധ വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബാല്‍ താക്കറെയും കുറ്റക്കാരാണെന്നു കമ്മീഷന്‍ കണ്ടെത്തിയെങ്കിലും ഇവരാരും പക്ഷേ, ശിക്ഷിക്കപ്പെട്ടില്ല.   പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട രണ്ടു കേസുകളും ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസുമാണ് നിലവില്‍ രാജ്യത്തെ നീതിപീഠങ്ങളുടെ കനിവ് കാത്തുകിടക്കുന്നത്.
Next Story

RELATED STORIES

Share it