Flash News

ബാബരി കേസ് ഭൂമി ഉടമാവകാശ തര്‍ക്കമായി മാത്രമേ പരിഗണിക്കൂ: കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട കേസ് കേവലം ഭൂമിതര്‍ക്കമായി മാത്രമേ വാദം കേള്‍ക്കൂവെന്ന് സുപ്രിംകോടതി. കേസില്‍ ദിനംപ്രതി വാദം കേള്‍ക്കണമെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് മാര്‍ച്ച് 14ലേക്ക് മാറ്റി.
രേഖകള്‍ മാര്‍ച്ച് ഏഴിനകം വിവര്‍ത്തനം ചെയ്തു ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.
കേസില്‍ കക്ഷിചേര്‍ക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, സിനിമാ നിര്‍മാതാവ് ശ്യാം ബെനഗല്‍ എന്നിവരുള്‍പ്പെടെയുള്ള 32 പേരുടെ ആവശ്യം പരാതിക്കാരുടെ വാദം പൂര്‍ത്തിയായശേഷമേ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി.
ഡിസംബറില്‍ കേസ് പരിഗണിക്കുന്നതിനിടെ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേസ് നീട്ടിവയ്ക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇന്നലെ ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, കേസ് ദൈനംദിനം പരിഗണിച്ചു വേഗം തീര്‍പ്പാക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി.
Next Story

RELATED STORIES

Share it