ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: വിചാരണ അന്തിമഘട്ടത്തില്‍

ബാംഗ്ലൂര്‍  സ്‌ഫോടനക്കേസ്: വിചാരണ അന്തിമഘട്ടത്തില്‍
X


കെ പി ഒ  റഹ്്മത്തുല്ല
ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ അവസാനഘട്ടത്തില്‍. 245 സാക്ഷികളെയും വിസ്തരിച്ച പ്രത്യേക കോടതിയില്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിചാരണ പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ശിവണ്ണ വിധിപറയാന്‍ മാറ്റിവയ്ക്കും. 2018 മാ ര്‍ച്ചില്‍ വിധിയുണ്ടാവുമെന്നാണു സൂചന. വിധി ഡിസംബറിനപ്പുറം പോവരുതെന്ന് സുപ്രിംകോടതിയുടെ പ്രത്യേക നിര്‍ദേശവുമുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലെ ഒമ്പതിടങ്ങളിലായി നടന്ന സ്‌ഫോടനത്തിന്റെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ 58 പ്രതികളാണുള്ളത്. ആദ്യം കര്‍ണാടകയില്‍ നിന്നു പിടിച്ചവരായിരുന്നു പ്രതികള്‍. തെളിവുകളും തൊണ്ടിസാധനങ്ങളും മൊഴികളും ശേഖരിച്ച പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ കര്‍ണാടക പോലിസ് കേസില്‍ അറസ്റ്റ് ചെയ്തത്. വീണ്ടും ഇവരില്‍ നിന്നു തൊണ്ടിമുതലുകളും തെളിവുകളും മൊഴികളും ശേഖരിച്ച് മറ്റൊരു കുറ്റപത്രം കൂടി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. രണ്ടു കുറ്റപത്രങ്ങളും തമ്മില്‍ വ്യക്തമായ വൈരുധ്യങ്ങളുള്ളതായി വിചാരണക്കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുകയും പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ കാര്യമായ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. ബഹളത്തിനിടയില്‍ തളര്‍ന്നുവീണ പ്രായമായ സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മഅ്ദനിക്കോ മറ്റു പ്രതികള്‍ക്കോ എതിേര കോടതിയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ നിരന്തരം പരാജയപ്പെടുകയായിരുന്നു. കെട്ടിച്ചമച്ച തെളിവുകളെയും സാക്ഷിമൊഴികളെയും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ ക്രോസ്‌വിസ്താരത്തില്‍ ഖണ്ഡിക്കുകയും ചെയ്തു. മഅ്ദനിയൊഴികെ ഈ കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയതിനാല്‍ പ്രതികള്‍ക്ക് ജാമ്യംപോലും ലഭിച്ചിട്ടില്ല. കടുത്ത അസുഖബാധയെ തുടര്‍ന്ന് സുപ്രിംകോടതിയാണ് മഅ്ദനിക്ക് ബംഗളൂരു വിടരുതെന്ന കര്‍ശന വ്യവസ്ഥയില്‍ ജാമ്യമനുവദിച്ചത്. അദ്ദേഹമിപ്പോള്‍ ജയാനഗറിലെ സഹായ ആയുര്‍വേദ ആശുപത്രിയില്‍ കഴിയുകയാണ്. പ്രതികള്‍ക്കു വേണ്ടി കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എസ് ബാലന്‍, മലയാളികളായ സെബാസ്റ്റിയന്‍, എം അശോക് എന്നിവരാണ് ഹാജരാവുന്നത്. അറസ്റ്റിനുശേഷം പോലിസ് തെളിവുകളുണ്ടാക്കിയ കേസുകളിലെല്ലാം പ്രതികള്‍ വിട്ടുപോവുന്ന അവസ്ഥയാണുള്ളത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും ഇതാവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള എല്ലാ ശ്രമവും പ്രോസിക്യൂഷന്‍ ചെയ്തിട്ടുണ്ടെന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍ സദാശിവമൂര്‍ത്തിക്കുള്ളത്.
Next Story

RELATED STORIES

Share it