ബസ്സില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവംകണ്ടക്ടര്‍ക്കെതിരേ കേസെടുത്തു

കൊച്ചി/കാക്കനാട്: യാത്രക്കിടിയില്‍ ബോധരഹിതനായി വീണയാളെ ആശുപത്രിയിലെത്തിക്കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നത് കാരണം യാത്രികന്‍ മരിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍ ആലുവ സ്വദേശി ബിജോയിക്കെതിരേയാണ് എളമക്കര പോലിസ് കേസെടുത്തിരിക്കുന്നത്. 304 എ വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എളമക്കര എസ്‌ഐ പറഞ്ഞു.
ബസ്സിന്റെ ഉത്തരവാദിത്തം കണ്ടക്ടര്‍ക്കായതിനാലാണ് ഇയാള്‍ക്കെതിരേ മാത്രം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളു. ബസ്സിന്റെ ഉടമ, ഡ്രൈവര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിരുന്നുവെന്നും എസ്‌ഐ പറഞ്ഞു. ബിജോയിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തിട്ടുണ്ട്്. ബസ് ഉടമ, ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ ആര്‍ടിഓഫിസില്‍ വിളിച്ചുവരുത്തി എറണാകുളം ആര്‍ടിഒ റജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ മൊഴി എടുത്തിരുന്നു. തുടര്‍ന്നാണ് കണ്ടക്ടറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പദ്മകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവരുടെ മൊഴി എടുത്തത്. മൂന്നു പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കണ്ടക്ടറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍ടിഒ പറഞ്ഞു. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഎക്ക് ശുപാര്‍ശ ചെയ്യുമെന്ന് റെജി വര്‍ഗിസ് അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ലക്ഷ്മണനാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. പാലാരിവട്ടത്തേക്ക് പോവാന്‍ മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പില്‍നിന്ന് എറണാകുളം - ആലുവ റൂട്ടിലോടുന്ന ബസ്സില്‍ കയറിയ ലക്ഷ്മണന്‍ ഷേണായീസിനു സമീപം എത്തിയപ്പോള്‍ ബസ്സില്‍ ബോധരഹിതനായി വീഴുകയായിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. ഒടുവില്‍ സഹയാത്രികനായിരുന്ന അനില്‍കുമാറിന്റെ കൂടെ ബോധരഹിതനായ ലക്ഷ്മണിനെ ഇടപ്പള്ളി ജങ്്ഷനില്‍ ബസ്സുകാര്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ലക്ഷ്മണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 45 മിനിറ്റ് നേരമാണ് ലക്ഷ്മണന്‍ ബസ്സില്‍ ബോധരഹിതനായി കിടന്നത്.
Next Story

RELATED STORIES

Share it