Flash News

ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു
X
തൃപ്രയാര്‍ (തൃശൂര്‍): ദേശീയപാതയില്‍ വലപ്പാട് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 31പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ലോറി ഡ്രൈവര്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി മലയാന്‍ കുന്ന് നാരായണന്‍ നായരുടെ മകന്‍ ചന്ദ്രശേഖരന്‍(60)ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടേ മുക്കാലോടെയാണ് അപകടം. കോഴിക്കോട് എറണാകുളം വഴി പാല കോട്ടയം ഭാഗത്തേക്ക് പോയിരുന്ന എസ്എസ് ഡീലക്‌സ് നിര്‍മല്‍ ബസും ഇരിങ്ങാലക്കുടയില്‍ നിന്ന് കാലിത്തീറ്റയുമായി കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ലോറിയുമാണ് വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിയതാണു അപകട കാരണമെന്നും സൂചനയുണ്ട്. ബസ് ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ ബസിനു നേരേ ടോര്‍ച്ച് അടിച്ചു കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ കാബിനില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും പൊലിസും ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.
ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി അനിലിനാണു(40) ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഇയാള്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടക്ടര്‍ കോട്ടയം സ്വദേശി ദിലീപ്(41), ലോറിയിലെ ക്ലീനര്‍ കാഞ്ഞങ്ങാട് ബന്തടുക്ക സ്വദേശി ബിജു (40),ബസ് യാത്രികരായ കണ്ണൂര്‍ ആലങ്ങാട് ഷിനോജ് (30), കാഞ്ഞങ്ങാട് സിനി വില്‍സന്‍ (41), അഖിലേഷ് (30), സഹോദരി ദീപ (32), മകള്‍ പദ്മശ്രീ (മൂന്ന്), തളിപ്പറമ്പ് സ്വദേശിനി നീന (43), കണ്ണൂര്‍ എടക്കാട് അഷറഫ് (38), അഷറഫ്(36), എറണാകുളം സ്വദേശി ബാബുരാജ് (45), സതീഷ് കുമാര്‍(34), പ്രജിത്ത് (29), ഷമീര്‍ബാബു (36), ഭാര്യ സുല്‍ഫത്ത് (35) എന്നിവരെ പരിക്കുകളോടെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മേച്ചേരിയില്‍ ബിന്ദു (37), ചേര്‍ത്തല സ്വദേശികളായ ആലങ്ങോട് ഡെന്നി (42), വട്ടാമല സജി (42) എന്നിവരെ അശ്വിനി ആശുപത്രിയിലും ആലക്കോട് മധു (84), മെല്‍ബിന്‍ (19), കോട്ടയം സ്വദേശി കുഞ്ഞുമൊയ്ദീന്‍ (55), കണ്ണൂര്‍ സ്വദേശി ആലി (44), ആലപ്പുഴ സ്വദേശികളായ ജോബിന്‍ (29), ആബിന്‍ പി തോമസ് (35)എന്നിവരെ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ ആറുപേരെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
കഴിഞ്ഞ വ്യാഴാഴ്ച റബ്ബറുമായി കോട്ടയത്തേക്ക് പോയതായിരുന്നു ചന്ദ്രശേഖരന്‍. ലോഡ് ഇറക്കി മടങ്ങുമ്പോള്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് കാലിത്തീറ്റ കയറ്റി. കാഞ്ഞങ്ങാട്ടെ കടയിലേക്കാണ് കാലിത്തീറ്റ കൊണ്ടുവന്നിരുന്നത്.
പരേതനായ നാരായണന്‍ നായരുടെയും കാര്‍ത്യായനിയമ്മയുടെയും മകനാണ് മരിച്ച ചന്ദ്രശേഖരന്‍. ഭാര്യ: ശോഭന. മക്കള്‍: ശ്വേത (ബിഎഎംഎസ് വിദ്യാര്‍ഥിനി മംഗളൂരു), ശ്രേയ (പ്ലസ്ടു വിദ്യാര്‍ഥിനി, പനത്തടി)
തൃപ്രയാര്‍, വാടാനപ്പള്ളി, ചെന്ത്രാപ്പിന്നി ആക്ട്‌സ് ആംമ്പുലന്‍സ് സര്‍വ്വീസുകളും തൃപ്രയാര്‍ സുരക്ഷ ആംമ്പുലന്‍സ്,തൃപ്രയാര്‍ സേവ് ആന്‍ഡ് സെക്യൂര്‍, വലപ്പാട് പൊലിസ് എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it