ബര്‍ണശ്ശേരി അക്കാദമിയിലെ നായനാര്‍ പ്രതിമ വിവാദത്തില്‍

കണ്ണൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ നാടിനു സമര്‍പ്പിക്കപ്പെട്ട ബര്‍ണശ്ശേരിയിലെ ഇ കെ നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍. ഇ കെ നായനാരുമായി യാതൊരു സാദൃശ്യവുമില്ലാത്തതാണു പ്രതിമയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കണ്ടാലറിയാം. പൊതുജനങ്ങളില്‍ നിന്നു സ്വരൂപിച്ച 28 കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ മുന്നിലായാണ് വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
തിരുവല്ല സ്വദേശിയും ശില്‍പകലാ അധ്യാപകനുമായ തോമസ് ജോണ്‍ കോവൂരിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ സര്‍വകലാശാലയിലെ ശില്‍പകലാവിഭാഗം ജയ്പൂരില്‍ വച്ചാണ് പ്രതിമ നിര്‍മിച്ചത്. ഒമ്പതര അടി ഉയരവും 800 കിലോ ഭാരവുമുള്ള പ്രതിമയ്ക്കു പക്ഷേ നായനാരുടെ രൂപസാദൃശ്യമില്ല. ഉദ്ഘാടനദിവസം അക്കാദമിയിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതിമയ്ക്കു മുന്നില്‍നിന്നു സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. അപ്പോഴും പലരും പ്രതിമയിലെ പൊരുത്തക്കേടിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. നര്‍മത്തിലൂടെ മലയാളികളെ കൈയിലെടുത്ത മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ രൂപം ഏതു ചിത്രകാരനും ശില്‍പിക്കും എളുപ്പം വഴങ്ങുന്നതാണ്. എന്നിട്ടും അദ്ദേഹത്തോട് ഒരു സാമ്യവുമില്ലാത്ത പ്രതിമ സ്ഥാപിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളില്‍ ഇക്കാര്യം തുറന്നുപറയുന്നുണ്ട്.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി യെച്ചൂരി അനാച്ഛാദനം ചെയ്ത പ്രതിമ മാറ്റിസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നേതൃത്വത്തോട് സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. കണ്ണൂര്‍ ജില്ലയില്‍ തന്നെ പ്രശസ്തരായ ശില്‍പികളുള്ളപ്പോള്‍ തിരുവല്ല സ്വദേശിയെ ഏല്‍പിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it