kasaragod local

ബദിയടുക്കയില്‍ ലഹരി-ചൂതാട്ടം സജീവം; പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി

ബദിയടുക്ക: ടൗണും പരിസര പ്രദേശങ്ങളും മദ്യത്തിന്റെയും കഞ്ചാവിന്റെയും മഡ്ക്ക ചൂതാട്ടക്കാരുടെ പിടിയില്‍. പൊറുതി മുട്ടി ജനം. പോലിസ് പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി. മാസങ്ങള്‍ക്ക് മുമ്പ് പോലിസ് പരിശോധന കര്‍ശനമാക്കിയതോടെ ഉള്‍വലിഞ്ഞിരുന്ന മഡ്ക്ക ചൂതാട്ട സംഘം പൂര്‍വാധികം ശക്തിയോടെ ടൗണില്‍ വിലസുമ്പോള്‍ ഇത്തരം സംഘങ്ങള്‍ ദിനംപ്രതി സമ്പാദിക്കുന്നതാകട്ടെ ലക്ഷങ്ങള്‍. തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും എന്ന് വേണ്ട സമൂഹത്തിലെ ഉന്നതര്‍പോലും മഡ്ക്ക ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നു.
പെട്ടിക്കടകളും ശീതള പാനിയ വില്‍പന, ബേക്കറി കടകള്‍ കേന്ദ്രീകരിച്ചാണ് മഡ്ക്ക ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നത്. പകല്‍ മുഴുവന്‍ ജോലി ചെയ്ത് കിട്ടുന്ന സമ്പാദ്യം മുഴുവന്‍ ചൂതാട്ട കളി നടത്തിപ്പ് സംഘത്തിന് കൊടുക്കുകയും രാത്രിയോടെ ഒന്ന് കിട്ടാതെ വരുമ്പോള്‍ വെറും കൈയോടെ മടങ്ങും. പോയ കാശ് തിരിച്ച് പിടിക്കാന്‍ വീണ്ടും കളിയില്‍ ഏര്‍പ്പെടും.
ഇതില്‍ നിന്ന് ലക്ഷങ്ങള്‍ കൊയ്യുന്നതാകട്ടെ ചൂതാട്ട നടത്തിപ്പ് സംഘവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഡ്ക്ക ചുതാട്ടത്തില്‍പെട്ട് എല്ലാം നഷ്ടപ്പെട്ട് അത്മഹത്യ ചെയ്ത സംഭവംപോലും ഉണ്ടായിരുന്നു. ബദിയടുക്ക ടൗണിന് പുറമെ പെര്‍ള, നീര്‍ച്ചാല്‍, മാന്യ, സീതാംഗോളി, നെല്ലിക്കട്ട, കന്യപ്പാടി, മണിയംപാറ തുടങ്ങി സ്ഥലങ്ങളില്‍ പെട്ടി കടകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും മഡ്ക്ക ചുതാട്ട സംഘത്തിലെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു.
ഒരുവശത്ത് മഡ്ക്ക ചുതാട്ട സംഘം പിടിമുറുക്കുമ്പോള്‍ മറു വശത്ത് കര്‍ണാടകയില്‍ നിന്നും മറ്റും ഗുണനിലവാരമില്ലാത്ത മദ്യം കൊണ്ടു വന്ന് വില്‍പന നടത്തുന്ന സംഘവും സജീവമാണ്.
ബദിയടുക്ക ടൗണ്‍ ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലം കൈയ്യടക്കി പകല്‍ സമയത്ത് തന്നെ മദ്യ വില്‍പന പൊടി പൊടിക്കുമ്പോള്‍ പോലിസ് സ്‌റ്റേഷന് വിളിപ്പടകലെയുള്ള ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മദ്യം വില്‍പന നടത്തുന്ന സംഘത്തിന് തടയിടാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി. നേരത്തെ ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യവില്‍പനശാല മുള്ളേരിയയിലേക്ക് മാറ്റിയതോടെ കര്‍ണാടകയില്‍ നിന്നും ഗുണനിലവാരമില്ലാത്ത മദ്യം കൊണ്ട് വന്ന് മുന്നിരട്ടി വിലയ്ക്ക് വില്‍പന നടത്തുന്ന പതിനഞ്ചോളം സംഘം ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ കഞ്ചാവ് വില്‍പന സംഘവും ഇവിടെ സജീവമാണ്.
സ്‌റ്റേഷനില്‍ നേരത്തെ ഉണ്ടായിരുന്ന പോലിസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും പകരം ജില്ലക്ക് പുറത്ത് നിന്നുള്ള പോലിസുകാരെ നിയമിച്ചതിനാലും പരിശോധന കാര്യ ക്ഷമമല്ലെന്ന ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it