ബംഗാള്‍: മുന്‍ ജിജെഎം നേതാവിന് തൃണമൂല്‍ പിന്തുണ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) മുന്‍ നേതാവ് ഹര്‍ഖ് ബഹാദൂര്‍ ഛേത്രി തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കും. കാലിപോങ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആണ് ഇദ്ദേഹം. കാലിപോങില്‍ നിന്നു തന്നെയാണ് ഇദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഇന്നലെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. പുറമേ മറ്റ് രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി സ്വതന്ത്രന്മാരായി മല്‍സരിക്കുന്നുണ്ട്. ഛേത്രിക്കു പിന്തുണ നല്‍കുമെന്ന് തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു. ആദ്യം പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഛേത്രിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. ഛേത്രി ജന ആന്ദോളന്‍ പാര്‍ട്ടി എന്ന പേരില്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് സ്വതന്ത്രനായി മല്‍സരിക്കുന്നതെന്ന് ഛേത്രി പറഞ്ഞു. പാര്‍ട്ടിയില്‍ ഏകാധിപത്യം ആരോപിച്ചാണ് ഛേത്രി ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ചയില്‍ നിന്നു രാജിവച്ചത്. ഏപ്രില്‍ 17നാണ് കാലിപോങില്‍ വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it