Flash News

ബംഗാളില്‍ ബീഫ് ഫെസ്റ്റില്ല ; ഭൂരിപക്ഷ വികാരം വ്രണപ്പെടുമെന്ന് സിപിഎം

ബംഗാളില്‍  ബീഫ്  ഫെസ്റ്റില്ല  ; ഭൂരിപക്ഷ വികാരം വ്രണപ്പെടുമെന്ന് സിപിഎം
X


കൊല്‍ക്കത്ത: ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നതിനാല്‍ പശ്ചിമ ബംഗാളില്‍ ബീഫ് ഫെസ്റ്റ് നടത്താനില്ലെന്ന് സിപിഎം. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നയം ശരിയല്ല. എന്നാല്‍, ബീഫ് ഫെസ്റ്റോ പോര്‍ക്ക് ഫെസ്റ്റോ നടത്തുമ്പോള്‍ മതനിരപേക്ഷത തെളിയിക്കാന്‍ ഒരു വ്യക്തിയെ നിര്‍ബന്ധിക്കുന്നതിനു തുല്യമാണ്. അതിനായി പന്നിയിറച്ചിയോ പശുവിറച്ചിയോ കഴിക്കേണ്ടതില്ല- ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

ഇവിടെയൊരു ബീഫ് ഫെസ്റ്റ് നടത്തിയാല്‍ അത് ഭൂരിപക്ഷ സമുദായത്തെ എതിര്‍ക്കുന്നതുപോലെയാണ്. അത് ബിജെപി മുതലെടുക്കും. പശ്ചിമ ബംഗാളില്‍ 70 ശതമാനം ഹൈന്ദവരും 28 ശതമാനം മുസ്‌ലിംകളുമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണനരാഷ്ട്രീയം കാരണം ബിജെപി ബംഗാളില്‍ വളര്‍ന്നുവരുകയാണെന്നും ബീഫ് ഫെസ്റ്റ് കൂടി നടത്തി അതിനെ സിപിഎം സഹായിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐയും വിദ്യാര്‍ഥിസംഘടനയായ എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതേസമയം, ഇടതു സഖ്യകക്ഷിയായ ആര്‍എസ്പിയുടെ നേതാവ് ക്ഷിതി ഗോസ്വാമി പാര്‍ട്ടി എല്ലാവിധത്തിലും ബീഫ് ഫെസ്റ്റിന് എതിരാണെന്ന് അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ധാരണ വളരാന്‍ അതു കാരണമാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യയും തൃണമൂല്‍ കോണ്‍ഗ്രസ് ബുദ്ധിജീവി സുബോധ് സര്‍ക്കാറും പരസ്യമായി ബീഫ് കഴിച്ചതിനെ പല ഇടതു സഖ്യപാര്‍ട്ടികളും പാര്‍ട്ടി നേതാക്കളും വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിച്ചതുപോലെ ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും പശ്ചിമ ബംഗാളില്‍ സാധ്യമല്ലെന്ന് ഇരുസംഘടനകളും അംഗീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it