Flash News

ബംഗളൂരുവില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ റെക്കോഡ് മഴ. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ ബംഗളൂരുവില്‍ വാര്‍ഷിക മഴയുടെ 35 ശതമാനവും ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപോര്‍ട്ട്. ഇവിടെ ലഭിക്കുന്ന വാര്‍ഷിക മഴയുടെ ശരാശരി 98 സെന്റിമീറ്റര്‍ ആണ്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാനിരിക്കെയാണ് ബംഗളൂരുവില്‍ കനത്ത മഴ ലഭിച്ചത്.
ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും നവംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന വടക്കുപടിഞ്ഞാറന്‍ മണ്‍സൂണിലുമാണ് നഗരത്തില്‍ ഇത്തരത്തില്‍ കനത്ത മഴ ലഭിക്കാറുള്ളത്. പ്രീമണ്‍സൂണ്‍ കാലയളവില്‍ മഴ ലഭിക്കാറുണ്ടെങ്കിലും അളവ് താരതമ്യേന കുറവായിരിക്കും. എന്നാല്‍, ഇക്കുറി കനത്ത മഴയാണു ലഭിച്ചത്.
ഇന്നലെ മുതല്‍ ബംഗളൂരുവില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. ഇതിനു പിന്നാലെയുള്ള ദിവസങ്ങളില്‍ കനത്ത മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ നഗരത്തിലെ താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാം. കൂടാതെ, നഗരത്തില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ എട്ടു മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it