World

ഫ്രാന്‍സില്‍ റെയില്‍വേ തൊഴിലാളി സമരം

പാരിസ്: തൊഴില്‍ നിയമം പൊളിച്ചെഴുതുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട തൊഴിലാളി സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. റെയില്‍വേ തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനവും പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ബില്ല് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. തൊഴിലാളികള്‍ തീവണ്ടിയും ബസ്സുകളും തടയുന്നതിനാല്‍ അന്താരാഷ്ട്ര യാത്രകള്‍ വരെ തടസ്സപ്പെടുന്നുണ്ട്. ഇത് രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിച്ചതായാണ് റിപോര്‍ട്ട്. നാളത്തോടെ പാരിസിലെ സബ്‌വെയും തടയുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു.
തൊഴിലാളി സമരത്തിന് പിന്തുണയറിയിച്ച് എയര്‍ ഫ്രാന്‍സ് പൈലറ്റുമാരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമരപരിപാടികള്‍ക്ക് പിന്നീട് രൂപം നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിജിടി, സമരത്തിന് പിന്തുണ നല്‍കിയതിലൂടെ ഊര്‍ജമേഖലയും പ്രതിസന്ധിയിലായിട്ടുണ്ട്. ഗ്യാസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ തകിടം മറിഞ്ഞതായാണ് സൂചനകള്‍. ജൂണ്‍ 13ന് ആരംഭിക്കുന്ന ഫ്രഞ്ച് സെനറ്റില്‍ പുതിയ ബില്ല് ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 10ന് ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിനെ സമരം ശക്തിയായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമരം യൂറോ കപ്പിന്റെ ഒരുക്കങ്ങളെ തന്നെ ബാധിച്ചതായി രാഷ്ട്രീയനിരീക്ഷകര്‍ പറഞ്ഞു. സര്‍ക്കാരും തൊഴിലാളികളും ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ യൂറോ കപ്പിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it