Flash News

ഫ്രഞ്ച് ലീഗ്: പിഎസ്ജി കുതിക്കുന്നു



പാരിസ്: ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ വിജയക്കുതിപ്പ് തുടരുന്നു. ലീഗിലെ എട്ടാം മല്‍സരത്തില്‍ കരുത്തരായ ബോര്‍ഡക്‌സ് ഗോള്‍ പോസ്റ്റില്‍ ഗോളടമിമേളം നടത്തിയാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്. മല്‍സരത്തില്‍ ഉടനീളം സര്‍വാധിപത്യം പുറത്തെടുത്ത പിഎസ്ജി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബോര്‍ഡക്‌സിനെ മുക്കിയത്.മല്‍സരത്തിലെ ആറ് ഗോളുകളും ഒന്നാം പകുതിയിലാണ് പിറന്നത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ത്െന്ന നെയ്മര്‍ പിഎസ്ജിയുടെ അക്കൗണ്ട് തുറന്നു. അനുവദിച്ച് കിട്ടിയ ഫ്രീകിക്കിനെ മനോഹരമായി നെയ്മര്‍ വലയിലാക്കുകയായിരുന്നു. 12ാം മിനിറ്റില്‍ എഡിസണ്‍ കവാനി പിഎസ്്ജിയുടെ ലീഡുയര്‍ത്തി. നെയ്മര്‍ നല്‍കിയ പാസിനെ അനായാസമായി കവാനി വലയിലെത്തിച്ചു. പിഎസ്ജി 2-0ന് മുന്നില്‍. 21ാം മിനിറ്റില്‍ തോമസ് മ്യൂനിയര്‍ പിഎസ്ജിയുടെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. യൂറി ബെര്‍ച്ചിച്ചേയുടെ അസിസ്റ്റിലായിരുന്നു മ്യൂനിയറുടെ ഗോള്‍ നേട്ടം. എന്നാല്‍  31ാം മിനിറ്റില്‍ സന്‍കാരെയിലൂടെ ബോര്‍ഡക്‌സ് ഒരു ഗോള്‍ മടക്കി. ഡി പ്രിവല്ലിയുടെ അസിസ്റ്റിലായിരുന്നു സന്‍കാരെ ലക്ഷ്യം കണ്ടത്. 40ാം മിനിറ്റില്‍ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങും മുമ്പ് എംബാപ്പയുടെ അസിസ്റ്റില്‍ ഡ്രാക്‌സലറും ഗോള്‍ കണ്ടെത്തിയതോടെ പിഎസ്ജി 5-1 എന്ന നിലയിലാണ് കളം പിരിഞ്ഞത്.മല്‍സരത്തില്‍ 59 ശതമാനം സമയത്തും പന്ത് കൈയടക്കിവെച്ച പിഎസ്ജി ഒമ്പത് തവണയാണ് ബോര്‍ഡ്ക്‌സ് ഗോള്‍പോസ്റ്റിലേക്ക് ഷോട്ടെടുത്തത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച് മുന്നേറിയ ബോര്‍ഡക്‌സ് ആറ് തവണ പിഎസ്ജി ഗോള്‍പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു.രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ എംബാപ്പയാണ് പിഎസ്ജിയുടെ അക്കൗണ്ടിലെ അവസാന ഗോള്‍ ചേര്‍ത്തത്. ഡ്രാക്‌സലറിന്റെ അസിസ്റ്റിലായിരുന്നു എംബാപ്പ വലകുലുക്കിയത്. കളിയുടെ 90ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലെത്തിച്ച് മാല്‍ക്കോം ബോര്‍ഡക്‌സിന്റെ തോല്‍വി ഭാരം കുറച്ചു. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 6-2 ന്റെ തകര്‍പ്പന്‍ ജയമാണ് പിഎസ്ജി പോക്കറ്റിലാക്കിയത്.പിഎസ്ജി  22 പോയിന്റുകളുമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it