Flash News

ഫ്രഞ്ച് ജനത വിധിയെഴുതി



പാരിസ്: രാജ്യത്തെ വിഭജിച്ച പ്രവചനാതീതമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ തങ്ങളുടെ അടുത്ത പ്രസിഡന്റ് ആരാവണമെന്ന കാര്യത്തില്‍ ഫ്രഞ്ച് ജനത വിധിയെഴുതി. മധ്യ നിലപാടുകാരനായ 39കാരന്‍ ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ ദേശീയവാദി മറീന്‍ ലെ പാനുമാണ് അവസാനഘട്ട വോട്ടെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനാരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടിനാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ തൊട്ടുപിന്നാലെ പുറത്തുവരും. വ്യാഴാഴ്ച ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവും. തിരഞ്ഞെടുപ്പ് ഫലം യൂറോപ്യന്‍ യൂനിയന്റെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ ലോകം ആകാംക്ഷയോടു കൂടിയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. അതേസമയം, ഫ്രാന്‍സ്വാ ഹൊളാന്‍ദ് മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത ഇമ്മാനുവല്‍ മാക്രോണിനാണ് സര്‍വേ ഫലങ്ങള്‍ വിജയസാധ്യത കല്‍പ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനു മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലും മാക്രോണ്‍ വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. കുടിയേറ്റം നിരോധിക്കുക, യൂറോപ്പുമായുള്ള ബന്ധം പുനപ്പരിശോധിക്കുക തുടങ്ങിയ തീവ്രനിലപാടുകളുള്ള ലെ പാന്‍ മാക്രോണിനെതിരേ കടുത്ത വിമര്‍ശനമാണു സംവാദത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ലെ പാനിന്റെ ആരോപണങ്ങള്‍ വിദഗ്ധമായി പ്രതിരോധിച്ച മാക്രോണ്‍, തന്റെ നിലപാടുകള്‍ സംവാദം വീക്ഷിച്ച 63 ശതമാനം പേരെയും ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചതായി ടിവി അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തിലെയും സംവാദത്തിലെയും മുന്‍തൂക്കം നിലനിര്‍ത്താനായാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാക്രോണ്‍ മാറും. ഏപ്രില്‍ 23നു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ടു നേടാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്കു നീണ്ടത്. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കിയിരുന്നു.
Next Story

RELATED STORIES

Share it