ഫോറന്‍സിക് സയന്‍സ് ലാബിന് അനുവദിച്ചത് ആറുകോടി രൂപ: സര്‍ക്കാര്‍

കൊച്ചി: മയക്കുമരുന്നു കേസുകളിലെ ശാസ്ത്രീയ പരിശോധനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫോറന്‍സിക് സയന്‍സ് ലാബിന് ആറുകോടി രൂപ അനുവദിച്ചെന്നും കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് വിഭാഗത്തിന് ഉപകരണങ്ങള്‍ വാങ്ങാന്‍ 1.98 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഹരിമരുന്നു കേസില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി റയീസ് അഹ്മദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി ജയശ്രീ ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്. ലഹരിമരുന്ന് കേസുകളില്‍ ശാസ്ത്രീയ പരിശോധാനാ ഫലം വൈകുന്നതു കേസ് നടത്തിപ്പിനെ ബാധിക്കുന്നെന്ന് എക്‌സൈസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണു ഹൈക്കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. പുതിയ ലഹരിമരുന്നുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താന്‍ സൗകര്യങ്ങളില്ലെന്നു ചീഫ് കെമിക്കല്‍ എക്‌സാമിനറും കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ചീഫ് കെമിക്കല്‍ എക്‌സാമിനറുമായി ആഗസ്ത് നാലിന് ചര്‍ച്ച നടത്തിയിരുന്നെന്നും ലാബ് നവീകരണത്തിനായി വിശദമായ ശുപാര്‍ശ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ നല്‍കിയെന്നും സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. ചീഫ് കെമിക്കല്‍ ലാബില്‍ നാര്‍കോട്ടിക് ഡിവിഷന് രൂപംനല്‍കണം, കണ്ണൂരിലും കോട്ടയത്തും റീജ്യനല്‍ ലാബുകള്‍ തുടങ്ങണം, ലഹരിവസ്തുക്കളുടെ ശരിയായ വിശകലനത്തിന് അത്യാധുനിക ലാബ് ഉപകരണങ്ങള്‍ വാങ്ങണം എന്നിവയാണു ശുപാര്‍ശ. ഇതു പരിഗണിക്കുന്നതിനു പുറമെ തൃശൂര്‍ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലാബ് ഹൈടെക്കാക്കി മാറ്റാന്‍ ഭരണാനുമതി നല്‍കി. ഇവിടെ 15 തസ്തികകള്‍ അനുവദിച്ചു. ഇതിനു പുറമെ മൊബൈല്‍ ഫോറന്‍സിക് സയന്‍സ് യൂനിറ്റുകളിലേക്ക് 44 സയന്റിഫിക് ഓഫിസര്‍മാരുടെ തസ്തികയും അനുവദിച്ചിട്ടുണ്ടെന്നു വിശദീകരണ പത്രികയില്‍ പറയുന്നു.

Next Story

RELATED STORIES

Share it