Flash News

ഫോണ്‍വിളി വിവാദം : ശശീന്ദ്രന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സാക്ഷിമൊഴി



തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരേ ചാനല്‍പ്രവര്‍ത്തക മൊഴി നല്‍കിയതിനു പിന്നാലെ സാക്ഷിയും മൊഴി നല്‍കി. മുന്‍ ചാനല്‍ ജീവനക്കാരിയാണ് ഇന്നലെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. സംഭവദിവസം താനും പരാതിക്കാരിയായ ചാനല്‍ ജീവനക്കാരിയും ഒരുമിച്ചാണു മന്ത്രിയുടെ അടുത്തുപോയത്. അവിടെ വച്ച് മുന്‍മന്ത്രി ശശീന്ദ്രന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി ചാനല്‍ ജീവനക്കാരി തന്നോട് പറഞ്ഞെന്നു സാക്ഷി മൊഴികൊടുത്തു. ഇനിയും സാക്ഷികള്‍ മൊഴി നല്‍കാനുണ്ടെന്നും അതിനു സമയം അനുവദിക്കണമെന്നുമുള്ള ചാനല്‍ ജീവനക്കാരിയുടെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചു. അഭിമുഖത്തിനെത്തിയ തന്നോട് മുന്‍മന്ത്രി അപമര്യാദയായി പെരുമാറിയെന്നാണ് ഹരജിയിലെ ആരോപണം. ചാനല്‍പ്രവര്‍ത്തകയാണു സ്വകാര്യ ഹരജി ഫയല്‍ ചെയ്തത്. ഇവരുടെ മൊഴി അന്നുതന്നെ രേഖപ്പെടുത്തിയിരുന്നു. ഒരു സ്ത്രീയോട് ലൈംഗികച്ചുവയില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനു പിറകെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗതാഗതമന്ത്രിസ്ഥാനത്തു നിന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചത്. സംഭവത്തില്‍ ചാനല്‍ മേധാവി അടക്കം ഒമ്പതുപേര്‍ക്കെതിരേ പ്രത്യേക അന്വേഷണസംഘം കേസെടുത്തിരുന്നു. ഐടി ആക്ട്, ഗൂഢാലോചന, ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേയായിരുന്നു വിവാദത്തിലെ പോലിസ് കേസ്.
Next Story

RELATED STORIES

Share it