Pathanamthitta local

ഫോണിലൂടെ സന്ദേശം കൈമാറിയത് വിവാദമായി ; പത്തനംതിട്ടയില്‍ കൗണ്‍സിലറുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു



പത്തനംതിട്ട: നഗരസഭാ കൗ ണ്‍സിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റി വച്ചു. തിയ്യതി കൗണ്‍സില്‍ പിന്നീട് തീരുമാനിക്കും. സത്യപ്രതിജ്ഞ ഇന്നലെ രാവിലെ നടത്താന്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. 21ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ആമിന ഹൈദരാലിയോട് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനെത്താന്‍ തിങ്കളാഴ്ച  രാത്രി 10 മണിയോടെ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപാണ് നിര്‍ദേശം നല്‍കിയത്. വരണാധികാരിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. കഴിഞ്ഞ 18 നാണ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്. മണ്ണുസംരക്ഷണ ഓഫീസര്‍ കെ ഹരിലാലായിരുന്നു വരണാധികാരി. ഇതേ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലെല്ലാം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നു.ഫലപ്രഖ്യാപനം വന്ന അന്നു തന്നെ സത്യപ്രതിജ്ഞയുടെ തിയ്യതി അറിയിക്കണമെന്ന് നഗരസഭാധികൃതര്‍ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 12 ദിവസത്തെ സമയമുണ്ടെന്നായിരുന്നു മറുപടി. തിങ്കളാഴ്ച രാവിലെയും ചെയര്‍പേഴ്‌സണ്‍ വരണാധികാരിയോട് ആരാഞ്ഞിരുന്നു. ഇതിനിടെ  തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സത്യപ്രതിജ്ഞ ഇന്നലെ രാവിലെ നടത്താമെന്ന് വരണാധികാരി ചെയര്‍പേഴ്‌സണെ അറിയിക്കുന്നത്. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പ് നഗരസഭയ്ക്കും വിജയിച്ച സ്ഥാനാര്‍ഥിക്കും കൊടുക്കേണ്ടതുണ്ട്. അതൊന്നും ചട്ടപ്പടി നല്‍കാതെ ഫോണിലൂടെ വരണാധികാരി നല്‍കിയ നിര്‍ദേശമാണ് വിവാദമായത്. ഇതിന് പിന്നില്‍ ദുരൂഹതയുമുണ്ട്. ഫോണ്‍ സന്ദേശം അനുസരിച്ച് ഇന്നലെ സത്യപ്രതിജ്ഞ നടന്നിരുന്നുവെങ്കില്‍ ചെയര്‍പേഴ്‌സണിന് അയോഗ്യത കല്‍പിക്കപ്പെടുമായിരുന്നു. സെക്രട്ടറി നടപടിയും നേരിടേണ്ടി വന്നേനെ. സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കണമെന്ന് കാട്ടി വരണാധികാരി ഇന്നലെ നഗരസഭയ്ക്ക് കത്തു നല്‍കി. ഇന്ന് ഇത് ചര്‍ച്ച ചെയ്ത് തിയ്യതി തീരുമാനിച്ച് വരണാധികാരിക്ക് മറുപടി നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. അതിന് ശേഷമാകും സത്യപ്രതിജ്ഞ നടക്കുക.
Next Story

RELATED STORIES

Share it